Top
25
Sunday, June 2017
About UsE-Paper

പോര്‍ച്ചുഗലില്‍ കാട്ടുതീ; 65 മരണം

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

ലിസ്ബണ്‍ > പോര്‍ച്ചുഗലിലുണ്ടായ ശക്തമായ കാട്ടുതീയില്‍ 65 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. മധ്യപോര്‍ച്ചുഗലിലെ പെഡ്രോഗാവോ ഗ്രാന്റെ പ്രദേശത്താണ് കാട്ടുതീ കൂടുതല്‍ നാശം വിതച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് കാട്ടുതീ മൂലമുണ്ടായ കെടുതിയെന്ന് പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ പ്രതികരിച്ചു.

മരിച്ചവരില്‍ ഏറെപ്പേരും കാറിനുള്ളില്‍ കുടുങ്ങി വെന്തുമരിക്കുകയായിരുന്നു. 30 പേരുടെ മൃതദേഹമാണ് കാറുകള്‍ക്കുള്ളില്‍നിന്ന് കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. 17 പേരുടെ മൃതദേഹം കാറുകളുടെ പരിസരങ്ങളില്‍നിന്നു കണ്ടെത്തി. പെഡ്രോഗാവോ ഗ്രാന്റെ പ്രദേശത്ത് മാത്രം 600 അഗ്നിശമന സേനാംഗങ്ങളാണ് കാട്ടുതീയണയ്ക്കാന്‍ രംഗത്തിറങ്ങിയത്. ഇതില്‍ ആറു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പോര്‍ച്ചുഗലില്‍ വീശിയടിച്ച ഉഷ്ണക്കാറ്റിനെ തുടര്‍ന്ന് രാജ്യത്തുടനീളം അറുപതോളം സ്ഥലങ്ങളില്‍ കാട്ടുതീയുണ്ടായി. ഉഷ്ണക്കാറ്റിനെത്തുടര്‍ന്ന് താപനില 40 ഡിഗ്രിയോളം ഉയര്‍ന്നതാണ് കാട്ടുതീ പടരാനിടയാക്കിയത്. സ്പെയിനിന്റെ രണ്ട് അഗ്നിശമന വിമാനങ്ങള്‍ ദുരന്തമേഖലയിലെത്തിയത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി.