22 September Saturday

നിയമനടപടികൾ വീണ്ടും; ഫേസ്‌ബുക്ക്‌ 'മുഖലക്ഷണ'ക്കുരുക്കിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 18, 2018

സാൻഫ്രാൻസിസ്കോ > ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തൽ വിവാദത്തിനു പിന്നാലെ 'മുഖലക്ഷണ'ക്കുരുക്കിൽ ഫേസ്‌ബുക്ക്‌. അനുവാദമില്ലാത ഫെയ്സ്ബുക്ക് വരിക്കാരുടെ മുഖചിത്രം പകർത്തുന്ന ടൂൾ ഉപയോഗിച്ചതിനാണ് കാലിഫോർണിയയിലെ ഫെഡറൽ കോടതി ജഡ്ജി സ്വകാര്യത ലംഘിച്ചതിന് വീണ്ടും ഫെയ്സ് ബുക്കിനെതിരെ നിയമനടപടിക്ക് നിർദേശിച്ചത്.

2010ൽ ഫെയ്സ്ബുക്ക് ആരംഭിച്ച ഫേഷ്യൽ റെക്കഗ്നേഷൻ ടൂൾ ഉപയോഗിച്ച് അപ്ലോഡ്ചെയ്യുന്ന ഫോട്ടോ ആരുടേതായാലും അവരുടെ പേരും ചിത്രത്തിനുസമീപം കാണാനാകുന്നതായിരുന്നു ടൂൾ. ഇങ്ങനെ ചെയ്യുന്നത് വ്യക്തികളുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതും ഇല്ലിനോയി സംസ്ഥാനത്തെ പ്രാദേശിക നിയമത്തിന് വിരുദ്ധമാണെന്നും കാട്ടി ഇന്ത്യൻ വംശജനായ നിമേഷ് പട്ടേൽ, ആദം പെസൻ, കാർലോ ലിക്കാറ്റ എന്നിവർ നൽകിയ ഹർജിയിലാണ് നടപടി. 2011 ജൂൺ ഏഴുമുതലാണ് ഇല്ലിനോയിൽ ഫെയ്സ്ബുക്കിന്റെ ഫേഷ്യൽ റെക്കഗ്നേഷൻ ടൂൾ നടപ്പാക്കിയത്.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ് എന്ന ആപ് ഉപയോഗിച്ച് ഫെയ്സ്ബുക്കിലെ അഞ്ചുകോടി അംഗങ്ങളുടെ വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്ക നിയമവിരുദ്ധമായി ശേഖരിച്ചെന്ന വാർത്ത ലോകത്തെമ്പാടും വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവർ അറിയാതെ വ്യക്തിഗതവിവരം സ്വന്തമാക്കി അവരുടെ താൽപ്പര്യങ്ങളും സ്വഭാവവും അഭിപ്രായങ്ങളും തിരിച്ചറിഞ്ഞ് അതിനനുസരിച്ച പദ്ധതി ആസൂത്രണം ചെയ്യാൻ ട്രംപ് പക്ഷത്തെ സഹായിച്ചെന്നായിരുന്നു വിവരം.

വിവരങ്ങൾ പുറത്തായതോടെ ബ്രിട്ടനിലും അമേരിക്കയിലും ഫെയ്സ്ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കുമെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മുഖലക്ഷണക്കുരുക്കിലും നിയമനടപടി ആരംഭിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലും ഫെയ്സ്ബുക്ക് ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കേംബ്രിഡ്ജ് അനലിറ്റിക്ക രംഗത്തെത്തിയിരുന്നതായുള്ള പുറത്തുവന്നിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top