12 December Wednesday

ശ്രീലങ്കൻ പാർലമെന്റ‌് വീണ്ടും അടിച്ചുപിരിഞ്ഞു; സഭ തിങ്കളാഴ‌്ചവരെ നിർത്തിവച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 17, 2018

ശ്രീലങ്കൻ പാർലമെന്റിൽ സ്‌പിക്കറുടെ ഡയസിനുമുന്നിൽ അംഗങ്ങൾ കൈയാങ്കളിയിൽ ഏർപ്പെട്ടപ്പോൾ

കൊള‌ംബോ
ശ്രീലങ്കൻ പാർലമെന്റിൽ പ്രതിപക്ഷവും രജപക‌്സെ അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രണ്ടാം ദിവസവും തുടർന്നതോടെ സഭ ചേരുന്നത‌് തിങ്കളാഴ‌്ചവരെ നിർത്തിവച്ചു. സ‌്പീക്കർ കരു ജയസൂര്യക്കുനേരെ ആക്രമണമുണ്ടായതോടെയാണ‌് സഭ നിർത്തിവയ‌്ക്കുന്ന പ്രഖ്യാപനമുണ്ടായത‌്. രണ്ടുദിവസമായി ശ്രീലങ്കൻ പാർലമെന്റ‌് വൻ സംഘർഷത്തിനാണ‌് സാക്ഷ്യംവഹിക്കുന്നത‌്. പ്രതിപക്ഷവും രജപക‌്സെ അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ എംപിമാരടക്കം നിലത്തുവീഴുകയും ചിലർക്ക‌് ചവിട്ടേൽക്കുകയും ചെയ‌്തു. സ‌്പീക്കറുടെ കസേരയിൽ കയറിയിരുന്ന മഹിന്ദ രജപക‌്സെ അനുകൂലികളായ എംപിമാർ സ‌്പീക്കർക്കെതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ‌്തു.

അതേസമയം ഏതു സ്ഥിതിയിലും സഭ നീട്ടിവയ‌്ക്കുന്ന പ്രശ‌്നമില്ലെന്നു  പ്രസിഡന്റ‌് മൈത്രിപാല സിരിസേന  പ്രഖ്യാപിച്ചു. പാർലമെന്റ‌് പിരിച്ചുവിട്ടുകൊണ്ട‌് സിരിസേന പുറപ്പെടുവിച്ച ഉത്തരവ‌് സുപ്രീംകോടതി സ‌്റ്റേ ചെയ‌്തിരുന്നു. തുടർന്ന‌് ബുധനാഴ‌്ച സഭ ചേർന്ന‌് രജപക‌്സെ സർക്കാരിനെതിരെ അവിശ്വാസം പാസ്സാക്കി.

വ്യാഴാഴ‌്ച സഭ വീണ്ടും സമ്മേളിച്ചപ്പോൾ തെരഞ്ഞെടുപ്പാണ‌് പരിഹാരമാർഗമെന്ന രജപക‌്സെയുടെ നിർദേശത്തിൽ സ‌്പീക്കർ വോട്ടെടുപ്പിന‌് മുതിർന്നതാണ‌് ബഹളത്തിന‌് കാരണം. അതേസമയം പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ പക്ഷക്കാർ സ‌്പീക്കർക്ക‌് പിന്തുണയുമായെത്തി.

പ്രതിഷേധം ശക്തമായതോടെ പ്രതിപക്ഷ എംപിമാർക്കുനേരെ മുളകുപൊടിയെറിഞ്ഞു. 45 മിനിട്ടോളം സഭ തടസ്സപ്പെട്ടെപ്പോൾ സ‌്പീക്കർ പൊലീസിനെ വിളിക്കുകയായിരുന്നു. കൈയാങ്കളിയിൽ മുതിർന്ന പാർലമെന്റേറിയൻ ഗാമിനി ജയവിക്രമ പെരേരയ‌്ക്ക‌് പരിക്കേറ്റു. യുപിഎഫ‌്എ എംപി ദിലും അമുനുഗാമയ‌്ക്കും പരിക്കേറ്റു.

അക്രമം നടത്തിയ യുണൈറ്റഡ‌് നാഷണൽ പാർടി അംഗങ്ങൾക്കെതിരെ കേസെടുക്കണമെന്ന‌് യുപിഎഫ‌്എ അംഗങ്ങൾ ആവശ്യപ്പെട്ടു. പാലിത തേവാരപ്പെരുമയും രഞ‌്ജൻ രാമനായകെയും അടക്കമുള്ളവർ കത്തിയും കൈയിൽ കരുതിയാണ‌് സഭയിലെത്തിയതെന്ന‌് യുപിഎഫ‌്എ ആരോപിച്ചു. അതേസമയം വെള്ളിയാഴ‌്ചത്തെ വോട്ടെടുപ്പ‌് തങ്ങൾ നിരാകരിക്കുമെന്നും മഹിന്ദ രജപക‌്സെ തന്നെ സർക്കാരിനെ നയിക്കുമെന്നും അനുകൂലികൾ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top