Top
21
Tuesday, November 2017
About UsE-Paper

ചൈനീസ് പാര്‍ടി കോണ്‍ഗ്രസിന് നാളെ തുടക്കം

Tuesday Oct 17, 2017
വെബ് ഡെസ്‌ക്‌

ബെയ്ജിങ് > ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി(സിപിസി)യുടെ 19 ാം പാര്‍ടി കോണ്‍ഗ്രസിന് ബുധനാഴ്ച തുടക്കമാകും. അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ ചേരുന്ന പാര്‍ടി കോണ്‍ഗ്രസിന് ഇത്തവണ ഏറെ പ്രാധാന്യമുണ്ട്. ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയുടെ നയസമീപനം ആഗോളതലത്തില്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയാണ്്. നിലവിലെ ജനറല്‍ സെക്രട്ടറിയായ ഷീ ജിന്‍ പിങ് രണ്ടാംവട്ടവും തുടരുമെന്നാണ് സൂചന. ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പിളില്‍ ചേരുന്ന പാര്‍ടികോണ്‍ഗ്രസ് ഒരാഴ്ച നീണ്ടുനില്‍കും. 2287 പ്രതിനിധികളാണ് പങ്കെടുക്കുക. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് പാര്‍ടി കോണ്‍ഗ്രസ്. 

ജനറല്‍ സെക്രട്ടറി ഷീ ജിന്‍പിങ്ങിനെയും പ്രധാനമന്ത്രി ലീ കെഖിയാങ്ങിനെയും കൂടാതെ അഞ്ച് പുതിയ അംഗങ്ങള്‍കൂടി ഏഴംഗ പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ സ്ഥാനമേല്‍ക്കും. ജനറല്‍ സെക്രട്ടറിയെ കൂടാതെ 376 അംഗ സെന്‍ട്രല്‍ കമ്മിറ്റി,  25 അംഗ പൊളിറ്റ്ബ്യൂറോ, സെന്‍ട്രല്‍ മിലിട്ടറി കമീഷന്‍ എന്നിവയെയും തെരഞ്ഞെടുക്കും.

ഷീ ജിന്‍പിങ് ആദ്യ ടേമില്‍ ലക്ഷ്യമാക്കിയത്, രണ്ട് തന്ത്രപ്രധാനമായ ലക്ഷ്യങ്ങളാണ്. 2021 ഓടെ മികച്ച സമ്പന്നമായ സമൂഹം സൃഷ്ടിക്കുക, ജനകീയ ജനാധിപത്യ ചൈന രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2049 ല്‍ ദാരിദ്യ്രമുക്ത-വികസിത സമത്വ സമൂഹം സാധ്യമാക്കുക എന്നിവയാണവ. ഇവയിലൂന്നിയാകും തുടര്‍പ്രവര്‍ത്തനവുമെന്ന് കരുതുന്നു.

2012 ലാണ് 18 ാം പാര്‍ടി കോണ്‍ഗ്രസ് നടന്നത്. 2013 ല്‍ ഷീ ജിന്‍പിങ് ചൈനയുടെ ഏഴാമത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.