17 August Friday

ലോകകപ്പ‌് വിജയാഘോഷം അതിരുവിട്ടു; ഫ്രാൻസിൽ പൊലീസും ആരാധകരും ഏറ്റുമുട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

പാരീസ‌് > ഫ്രാൻസ‌് ലോകകപ്പിൽ മുത്തമിട്ടതിന്റെ ആഹ്ലാദം അതിരുവിട്ടതോടെ തലസ്ഥാനമായ പാരീസിലടക്കം പലയിടത്തും ആരാധകരും പൊലീസും ഏറ്റുമുട്ടി. നിരവധിപേർക്ക‌് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട‌് രാജ്യത്തിന്റെ വിവിധയിടങ്ങളിൽനിന്നായി 292 പേരെ പൊലീസ‌് കസ്റ്റഡിയിലെടുത്തതായി ഫ്രഞ്ച‌് ആഭ്യന്തരമന്ത്രി അറിയിച്ചു.

പാരീസിലാണ‌് കൂടുതൽ ആക്രമണങ്ങളുണ്ടായത‌്. പാരീസിൽനിന്ന‌ുമാത്രം 102 പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ 92 പേരുടെ അറസ്റ്റ‌് രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ചാംപ‌്സ‌് എലിസീസിൽ നടന്ന വിജയാഘോഷത്തിനിടെ മുപ്പതോളം യുവാക്കൾ കടകളിലേക്ക‌് ഇരച്ചുകയറി ആക്രമണം നടത്തി. അക്രമാസക്തരായ ചിലർ പൊലീസിന‌ുനേരെ കല്ലെറിഞ്ഞതോടെ പൊലീസ‌് കണ്ണീർവാതകം പ്രയോഗിച്ചു. തെക്കൻ നഗരമായ ലിയോണിലും ആരാധകരുടെ ആഹ്ലാദപ്രകടനം അതിരുവിട്ടതോടെ പൊലീസ‌് കണ്ണീർവാതകം പ്രയോഗിച്ചു.

നഗരത്തിൽ വലിയ സ‌്ക്രീനിൽ മത്സരം പ്രദർശിപ്പിച്ചിരുന്നു. ഫ്രാൻസ‌് വിജയിച്ചതോടെ ഒരുപറ്റം ആരാധകർ പൊലീസ‌് വാഹനത്തിന‌ു മുകളിൽ കയറി വിജയം ആഘോഷിച്ചതാണ‌് പ്രശ‌്നമായത‌്. മാർസിലെയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട‌് 10 പേരെ അറസ്റ്റ‌് ചെയ‌്തു. തെക്കുകിഴക്കൻ നഗരമായ അന്നസിയിൽ വിജയാഘോഷത്തിനിടെ രണ്ട‌ുപേർ അപകടത്തിൽപ്പെട്ടു. ഇവരുടെ നില ഗുരുതരമാണ‌്. ഫ്രോവാർഡിൽ ആഹ്ലാദപ്രകടനത്തിനിടെ ബൈക്കിടിച്ച‌് രണ്ട‌് കുട്ടികൾക്കും ഗുരുതര പരിക്കേറ്റു. വിജയാഘോഷത്തിനിടെ അക്രമസംഭവങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നതിനാൽ പാരീസിൽ 4000 പൊലീസുകാരെ വിന്യസിച്ചിരുന്നു.

പ്രധാന വാർത്തകൾ
Top