Top
18
Monday, December 2017
About UsE-Paper
പലസ്തീന്‍- ഇസ്രയേല്‍ പ്രശ്നം

ദ്വിരാഷ്ട്ര പോംവഴിയില്‍നിന്ന് പിന്മാറുന്നതായി ട്രംപ്

Friday Feb 17, 2017
വെബ് ഡെസ്‌ക്‌

വാഷിങ്ടണ്‍ > പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് പലസ്തീന്‍- ഇസ്രയേല്‍ പ്രശ്നപരിഹാരത്തില്‍നിന്ന് അമേരിക്ക പിന്മാറുന്നു. അമേരിക്കയും ലോകരാജ്യങ്ങളും പ്രശ്നപരിഹാരത്തിന് മുന്നോട്ടുവച്ച ദ്വിരാഷ്ട്ര  പോംവഴിയില്‍നിന്ന് പിന്മാറുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ്ഹൌസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ട്രംപ് നയം വ്യക്തമാക്കിയത്.

പലസ്തീനും ഇസ്രയേലുംതമ്മിലുള്ള പ്രശ്നപരിഹാരത്തിന് ദ്വിരാഷ്ട്രസംവിധാനമെന്നത് മാത്രമല്ല പോംവഴിയെന്ന് ട്രംപ് പറഞ്ഞു. ദ്വിരാഷ്ട്ര പ്രശ്നപരിഹാരത്തിന് അമേരിക്ക ഇനി ഇടപെടില്ല. ഇസ്രയേലും പലസ്തീനുംതമ്മിലുള്ള പ്രശ്നങ്ങള്‍ ഇരുരാഷ്ട്രങ്ങളും പൂര്‍ണമായും അവസാനിപ്പിക്കണം. ഒറ്റരാഷ്ട്രംമതിയെന്ന പോംവഴിയിലേക്ക് ഇരുരാജ്യങ്ങളും സമ്മതിക്കണം. ഒരു രാജ്യമോ രണ്ടുരാജ്യമോ വേണ്ടതെന്ന് ചോദിച്ചാല്‍ താന്‍ പറയുക ഒന്നുമതിയെന്നാണ് ഇസ്രയേലിനെ അനുകൂലിച്ച് ട്രംപ് പറഞ്ഞു. പലസ്തീനും ഇസ്രയേലും ഇതിന് സമ്മതിക്കണം. ഇസ്രയേലുമായുള്ള ബന്ധം ശക്തമായി തുടരും. ഇരു രാജ്യങ്ങളും സൈനിക- ഇന്റലിജന്‍സ്- സുരക്ഷ സഹകരണ മേഖലകളിലെ ബന്ധം മികച്ചതാക്കും- നെതന്യാഹുവുമൊന്നിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.  

ഇസ്രയേലിലെ യുഎസ് എംബസി ആസ്ഥാനം ടെല്‍അവീവില്‍നിന്ന് ജറുസലേമിലേക്ക് മാറ്റുന്നകാര്യം തീരുമാനമായിട്ടില്ലെന്നും ട്രംപ് പറഞ്ഞു.  ട്രംപ് കൊടുത്ത പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണിത്. അധികാരമേറ്റശേഷം അദ്ദേഹം അമേരിക്കന്‍ എംബസി ആസ്ഥാനം ടെല്‍അവീവില്‍നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇസ്രയേല്‍ കുടിയേറ്റത്തെ അനുകൂലിക്കുന്ന ഡേവിഡ് ഫ്രീഡ്മാനെ ഇസ്രയേല്‍ അംബാസഡറായും ട്രംപ് നിയമിച്ചിരുന്നു.

ഇസ്രയേല്‍- പലസ്തീന്‍ പ്രശ്നത്തില്‍ ദ്വിരാഷ്ട്ര പോംവഴിയില്‍നിന്ന് പിന്മാറുന്നതായുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തി. പലസ്തീനും ഇസ്രയേലും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് 1993 ലെ ഓസ്ലോ കരാര്‍ മുന്നോട്ടുവെച്ച ദ്വിരാഷ്ട്രസംവിധാനമാണ് ഏറ്റവും ഉചിതമെന്ന് ഗുട്ടറസ് പറഞ്ഞു. അതിനായി ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കെയ്റോയില്‍ പറഞ്ഞു.

ദ്വിരാഷ്ട്രസംവിധാനം വേണമെന്നതില്‍നിന്ന് അമേരിക്ക പിന്മാറരുതെന്ന് പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. ഇത് സമാധാനശ്രമങ്ങളെ തകര്‍ക്കും. അമേരിക്കയുടെ താല്‍പ്പര്യങ്ങളും നിലനില്‍പ്പും വിശ്വാസ്യതയും അത് തകര്‍ക്കുമെന്നും പിഎല്‍ഒയിലെ മുതിര്‍ന്ന അംഗം ഹനന്‍ അഷ്റാവി പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »