Top
27
Saturday, May 2017
About UsE-Paper

ജോലി ആവശ്യപ്പെട്ട് ഗൂഗിള്‍ സിഇഒക്ക് 7 വയസ്സുകാരിയുടെ കത്ത്

Friday Feb 17, 2017
വെബ് ഡെസ്‌ക്‌

ലണ്ടന്‍ > 'എനിക്ക് കംപ്യൂട്ടറും റോബോട്ടും ടാബ്ലറ്റും ഇഷ്ടമാണ്. ചോക്ളേറ്റ് ഫാക്ടറിയില്‍ ജോലിചെയ്യുന്നതും ഒളിമ്പിക്സ് നീന്തലില്‍ പങ്കെടുക്കുന്നതും ഇഷ്ടമാണ്'- പ്രിയപ്പെട്ട ഗൂഗിള്‍ ബോസ് എന്ന് അഭിസംബോധനചെയ്തുകൊണ്ട് ലണ്ടനിലെ ഏഴുവയസ്സുകാരി ക്ളോ ബിജ്വാട്ടര്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈക്ക് എഴുതിയ കത്തിലെ വരികളാണിത്. ഗൂഗിളില്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആ കുഞ്ഞുമിടുക്കി സുന്ദര്‍ പിച്ചൈക്ക് കത്തെഴുതിയത്. മറുപടി പ്രതീക്ഷിക്കാത്ത ഒരു കത്ത്. എന്നാല്‍, ക്ളോ കുഞ്ഞു അക്ഷരങ്ങളിലൂടെ നിറംപിടിപ്പിച്ച ആ കത്ത് കിട്ടിയ സുന്ദര്‍ പിച്ചൈക്ക് അതിന് മറുപടി എഴുതാതിരിക്കാനായില്ല. 

"നിനക്ക് കംപ്യൂട്ടറും റോബോട്ടും ടാബ്ലറ്റും ഇഷ്ടമാണെന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സാങ്കേതികവിദ്യ സ്വായത്തമാക്കാന്‍ നിരന്തരം പരിശ്രമിക്കണം. ഗൂഗിളില്‍ ജോലി ചെയ്യുന്നതിനൊപ്പം ഒളിമ്പിക്സില്‍ നീന്തലില്‍ പങ്കെടുക്കാന്‍ മനസ്സിനെ പാകപ്പെടുത്തണം. നീ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ജോലിക്കായി വീണ്ടും അപേക്ഷ നല്‍കുന്നതും കാത്തിരിക്കാം''- സുന്ദര്‍ പിച്ചൈ അവള്‍ക്ക് മറുപടിയെഴുതി.

ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവിടെ ജോലിചെയ്യുന്നതിനെക്കുറിച്ചും ചോദിച്ച മകളോട് അച്ഛന്‍ ആന്‍ഡി സുന്ദര്‍പിച്ചൈക്ക് കത്തെഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. ക്ളോ എഴുതിയ രണ്ടാമത്തെ കത്ത് മാത്രമായിരുന്നു അത്. ക്രിസ്മസിന് അച്ഛനുതന്നെയാണ് അവള്‍ ആദ്യമായി കത്തെഴുതിയത്.