21 November Wednesday

ഖഷോഗിയുടെ തിരോധാനം: സൗദി എംബസി തുര്‍ക്കി പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 16, 2018

ഇസ്താംബൂള്‍
സൗദി വിമര്‍ശകനായ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ദുരൂഹ തിരോധാനം അറബ്മേഖലയില്‍ ആശങ്ക വിതയ്ക്കെ, തുർക്കി പ്രസിഡന്റ‌് റസിപ‌് തയ്യിപ‌് എർദോഗനും സൗദി രാജാവ‌് സൽമാനും  ടെലഫോണില്‍ ആശയവിനിമയം നടത്തി. ചര്‍ച്ചയുടെ ഭാ​ഗമായി ഖഷോഗി അവസാനമായി എത്തിയ ഇസ്താംബൂളിലെ സൗദി നയതന്ത്രകാര്യാലയം എര്‍ദോ​ഗന്‍ സന്ദര്‍ശിക്കും. തുര്‍ക്കി അന്വേഷണ സംഘം വൈകാതെ കാര്യാലയത്തില്‍ പരിശോധന നടത്തും.
തിരോധാനത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ സംയുക്ത അന്വേഷണ സംഘംരൂപീകരിക്കാനുള്ള സന്നദ്ധത സൗദു തുര്‍ക്കിയെ അറിയിച്ചിട്ടുണ്ട്. ഖഷോ​ഗി സൗദി കാര്യാലയത്തില്‍വച്ച് ആസൂത്രിതമായി കൊല്ലപ്പെട്ടെന്നാണ് തുര്‍ക്കിയുടെ ആരോപണം.
ഇക്കാര്യം നിഷേധിച്ച സൗദി, ആഭ്യന്തര അന്വേഷണം നടത്താന്‍ പ്രത്യേക സമിതിയെ നിയോ​ഗിച്ചു. സംഭവത്തെ തുടര്‍ന്ന് റിയാദില്‍ ഈ മാസം നടത്താനിരുന്ന നിക്ഷേപക ഉച്ചകോടിയില്‍ നിന്നും കോര്‍‌പ്പറേറ്റ് സ്ഥാപനങ്ങള്‍ കൂട്ടത്തോടെ പിന്തിരിഞ്ഞു.
അതേസമയം, ജമാൽ ഖഷോഗിയുടെ തിരോധാനം സംബന്ധിച്ച‌് വിശ്വാസയോഗ്യമായ അന്വേഷണംവേണമെന്ന് ബ്രിട്ടണും ജർമ്മനിയും ഫ്രാൻസും  ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട‌് സൗദി അറേബ്യയിൽനിന്ന‌് കൃത്യമായ വിശദീകരണം ആവശ്യമാണെന്നും കുറ്റക്കാരാണെന്ന‌് കണ്ടെത്തുന്നവർക്കെതിരെ കടുത്ത നടപടി ആവശ്യമാണെന്നും മൂന്ന‌് രാജ്യങ്ങളുടെയും വിദേശമന്ത്രിമാർ സംയുക്ത പ്രസ‌്താവനയിൽ ആവശ്യപ്പെട്ടു.
ഇസ‌്താംബുളിലെ സൗദി എംബസിയിൽ പ്രവേശിച്ചതിന‌ുശേഷമാണ‌് ഖഷോഗിയെ കാണാതായത‌്. അതിനാൽ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം സൗദിക്കാണെന്ന‌് ബ്രിട്ടന്റെ വിദേശ സെക്രട്ടറി ജെർമി ഹണ്ട‌് പറഞ്ഞു. ഖഷോഗി കൊല്ലപ്പെടുകയും അതിന‌ുപിന്നിൽ സൗദിയാണെന്ന‌് തെളിയുകയും ചെയ‌്താൽ ശക്തമായ നടപടിയാകും ലോകരാജ്യങ്ങളിൽനിന്ന‌് നേരിടേണ്ടി വരികയെന്ന അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെ ഭീഷണിക്ക‌് പിന്നാലെയാണ‌് ബ്രിട്ടണും ഫ്രാൻസും ജർമനിയും രംഗത്തെത്തിയത‌്. അതേസമയം തങ്ങൾക്കെതിരെ നടപടിയുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന‌് സൗദി കഴിഞ്ഞ ദിവസം വ്യക്തമാക്കി.


പ്രധാന വാർത്തകൾ
Top