11 December Tuesday

ബ്രെക്‌സിറ്റില്‍ തട്ടി ബ്രിട്ടന്‍; പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം

തോമസ് പുത്തിരിUpdated: Thursday Nov 15, 2018

ലണ്ടന്‍ > ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വേര്‍പിരിയല്‍ (ബ്രെക്‌സിറ്റ്) കരാറിന്റെ കരടു രേഖ ഇന്നലെ വൈകിട്ട് പുറത്തുവിട്ടതോടെ ബ്രിട്ടീഷ് രാഷ്ട്രീയം വീണ്ടും കലുഷിതമായി. അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന മന്ത്രിസഭാ യോഗം രൂക്ഷമായ വാഗ്വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സാക്ഷ്യം വഹിച്ചു. 29 അംഗ മന്ത്രിസഭയിലെ 11 പേര്‍ കരാറിനെ എതിര്‍ത്തു സംസാരിച്ച്, കാബിനെറ്റ് മീറ്റിങ്ങില്‍ കരാറില്‍ വോട്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ 'പിന്തുണക്കാന്‍ കഴിയില്ലെങ്കില്‍ രാജിവച്ചു പുറത്തുപോകുക' എന്ന അന്ത്യശാസനം നല്‍കിയതോടെ മന്ത്രിമാര്‍ കാരാറിനെ പിന്തുണക്കുന്നതായി അറിയിക്കുകയായിരുന്നു.

കാബിനെറ്റ് മീറ്റിംഗ് കഴിഞ്ഞതോടെ പ്രധാനാമാന്ത്രിയെ താഴെ ഇറക്കാനുള്ള വിമതരുടെ  നീക്കം വീണ്ടും ശക്തമായി. 'വിശ്വാസ വഞ്ചന നടത്തി രാജ്യത്തെ ചതിക്കുന്ന'  പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് കരാറിനെ പിന്തുണക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബ്രെക്‌സിറ്റ് മന്ത്രി ഡൊമിനിക് റാബ്  രാജി വച്ചു.   ബ്രെക്‌സിറ്റ് കരാര്‍ രാജ്യത്തിന്റെ പരമാധികാരം യൂറോപ്യന്‍ യൂണിയന് അടിയറവു വച്ച് സ്വന്തം രാജ്യതാല്‍പര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചു വടക്കന്‍ അയര്‍ലണ്ട് മിനിസ്ടര്‍ ശൈലേഷ് വരായും കാബിനെറ്റ് മിനിസ്റ്റര്‍ എസ്തര്‍ മകവേയും രാജിവച്ചു. ഇതോടെ ഇന്നലെ വൈകിട്ട് നടന്ന കാബിനെറ്റ് മീറ്റിങ്ങിനു ശേഷം രാജിവച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി.

പാര്‍ടി നേതൃസ്ഥാനത്തുനിന്നും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാന്‍ ആവശ്യമായ 48  എം പി മാരുടെ പിന്തുണക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ മുതിര്‍ന്ന പാര്‍ടി അംഗമായ  ബോറിസ് ജോണ്‍സണ്‍ ശക്തമാക്കി. തെരേസ മെയ്‌ക്കെതിരിയുള്ള അവിശ്വാസ പ്രമേയം ഇന്നുതന്നെ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 


പ്രധാന വാർത്തകൾ
Top