16 November Friday

നവാസ‌് ഷെരീഫും മകളും ജയിലിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 15, 2018

ഇസ്ലാമാബാദ‌് > അറസ്റ്റിലായ പാക‌് മുൻ പ്രധാനമന്ത്രി നവാസ‌് ഷെരീഫും മകൾ മറിയം നവാസും ജയിലിൽ. റാവൽപിണ്ടിയിലെ അഡിയാല ജയിലിലേക്കാണ‌് ഇരുവരെയും മാറ്റിയത‌്. അനധികൃത സ്വത്തുസമ്പാദനക്കേസിൽ കോടതി ശിക്ഷ വിധിച്ച ഇരുവരെയും വെള്ളിയാഴ‌്ച രാത്രി ലണ്ടനിൽനിന്ന‌് ലാഹോറിലെത്തിയ ഉടൻ അറസ്റ്റ‌് ചെയ‌്തിരുന്നു. ഇരുവർക്ക‌ും ജയിലിൽ ബി ക്ലാസ‌് സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി പാക‌് മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു.

നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ഉദ്യോഗസ്ഥരാണ‌് ഇരുവരെയും അറസ്റ്റ‌് ചെയ‌്തത‌്. ഇസ്ലാമാബാദിലേക്ക‌് പ്രത്യേക വിമാനത്തിൽ കൊണ്ടുപോയശേഷം പൊലീസ‌് വാഹനങ്ങളിൽ ജയിലിൽ എത്തിക്കുകയായിരുന്നു. അതേസമയം ഷെരീഫിനെതിരെയുള്ള മറ്റ‌് രണ്ട‌് അഴിമതിക്കേസുകളിൽ കൂടി അന്വേഷണം നടത്തണമെന്ന‌് ആവശ്യപ്പെട്ട‌് നിയമമന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കി. അക്കൗണ്ടബിലിറ്റി കോടതി ജഡ‌്ജി മുഹമ്മദ‌് ബാഷിർ ജയിലിൽത്തന്നെ ഷെരീഫിനെതിരെ വിചാരണ നടത്തുമെന്നാണ‌് റിപ്പോർട്ടുകൾ. ഷെരീഫിന‌് പത്ത‌് വർഷവും മകൾക്ക‌് എട്ടുവർഷവുമാണ‌് തടവുശിക്ഷ. ഇരുവരുടെയും പാസ‌്പോർട്ട‌് അറസ്റ്റിനുപിന്നാലെ പിടിച്ചെടുത്തിരുന്നു. എന്നാൽ, അമ്മയെയും സഹോദരനെയും കാണാൻ ഷെരീഫിന‌് അനുമതി നൽകി.

ഷെരീഫിനെ കാണാൻ വെള്ളിയാഴ‌്ച ലാഹോറിലെത്തിയ പിഎംഎൽ‐എൻ പാർടി പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അമ്പതോളം പേർക്ക‌് പരിക്കേറ്റു. ഇരുപതോളം പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട‌്. പിഎംഎൽ‐എൻ പ്രസിഡന്റ‌് ഷഹബാസ‌് ഷെരീഫിന്റെ നേതൃത്വത്തിലാണ‌് നവാസ‌് ഷെരീഫിനെയും മകളെയും വരവേൽക്കാൻ ലാഹോറിൽ വൻ റാലി നടത്തിയത‌്. വിമാനത്താവളത്തിലെത്താതെ പൊലീസ‌് റാലി തടഞ്ഞത‌് സംഘർഷത്തിലേക്ക‌് നയിച്ചു.

അതേസമയം, ഷെരീഫിന്റെ തിരിച്ചുവരവിന‌് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റഡിയിലെടുത്ത 370 പിഎംഎൽ‐എൻ പ്രവർത്തകരെ വിട്ടയക്കാൻ ലാഹോർ ഹൈക്കോടതി ഉത്തരവിട്ടു. 25ന‌് തെരഞ്ഞെടുപ്പ‌് നടക്കാനിരിക്കെയുണ്ടായ ഷെരീഫിന്റെ അറസ്റ്റും പാകിസ്ഥാനിൽ തുടരുന്ന സംഘർഷങ്ങളും തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ പാർടിക്ക‌് ഗുണം ചെയ്യുമെന്നാണ‌് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത‌്.

പ്രധാന വാർത്തകൾ
Top