Top
22
Monday, January 2018
About UsE-Paper

പലസ്തീനെ അംഗീകരിക്കുക; തലസ്ഥാനമായി ജറുസലേമിനെയും

Thursday Dec 14, 2017
വെബ് ഡെസ്‌ക്‌

ഇസ്താംബുള്‍ > പലസ്തീന്‍ രാഷ്ട്രത്തെയും അതിന്റെ തലസ്ഥാനമായി കിഴക്കന്‍ ജറുസലേമിനെയും അംഗീകരിക്കണമെന്ന് 57 മുസ്ളീം രാജ്യങ്ങളുടെ ഉച്ചകോടി ലോകത്തോട് ആഹ്വാനംചെയ്തു. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ളാമിക് കോ-ഓപ്പറേഷന്‍ പ്രഖ്യാപിച്ചു. തുര്‍ക്കിയിലെ ഇസ്താംബുളില്‍ ചേര്‍ന്ന ഉച്ചകോടിയിലാണ് പ്രഖ്യാപനം. ഇസ്രയേലിന്റെ പക്ഷംപിടിച്ച അമേരിക്കക്ക് പശ്ചിമേഷ്യയിലെ സമാധാനപ്രക്രിയയില്‍ ഇനി പങ്കുണ്ടാവില്ലെന്ന് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കുനേരെയുള്ള ആക്രമണമാണ് ട്രംപിന്റെ നടപടിയെന്ന് പ്രസ്താവനയില്‍ പറഞ്ഞു. തീവ്രവാദത്തിനും ഭീകരതയ്ക്കും പ്രേരണയാണിത്.  തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍  പ്രത്യാഘാതത്തിന് അമേരിക്ക മാത്രമാകും ഉത്തരവാദി. ഇസ്രയേല്‍-പലസ്തീന്‍ സമാധാന പ്രക്രിയയുടെ സ്പോണ്‍സര്‍ എന്ന റോളില്‍നിന്ന് അമേരിക്ക ഇതോടെ പിന്‍മാറിയിരിക്കുകയാണ്. സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടാന്‍ എല്ലാ രാജ്യങ്ങളോടും ഉച്ചകോടി അഭ്യര്‍ഥിച്ചു. പ്രശ്നം ഐക്യരാഷ്ട്ര സംഘടന ഏറ്റെടുക്കണമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. അമേരിക്കയെ മധ്യസ്ഥനായി ഇനി അംഗീകരിക്കാന്‍ കഴില്ലെന്ന് അദ്ദേഹം ഉച്ചകോടിയില്‍ പറഞ്ഞു. 

ട്രംപിന്റെ പ്രകോപനപരമായ നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം അലയടിക്കുമ്പോഴാണ് 57 മുസ്ളീം രാജ്യങ്ങളുടെ കൂട്ടായ്മ പലസ്തീന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയത്. പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാകുമ്പോള്‍ തലസ്ഥാനമായി കരുതുന്നത് കിഴക്കന്‍ ജറുസലേമിനെയാണ്. 1967ലെ യുദ്ധത്തില്‍ കൈയേറിയ ജറുസലേം തങ്ങളുടെ തലസ്ഥാനമാണെന്ന വാദമാണ്  ഇസ്രയേല്‍ ഉന്നയിക്കുന്നത്. എന്നാല്‍, ജറുസലേമിലെ ഇസ്രയേലിന്റെ പരമാധികാരം അന്താരാഷ്ട്ര സമൂഹം ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇസ്രയേലിലെ വിദേശരാജ്യങ്ങളുടെ എംബസികളെല്ലാം ടെല്‍ അവീവിലാണ്. ഈ സാഹചര്യത്തിലാണ് ജറുസലേമിനെ ഇസ്രയേലി തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്കന്‍ എംബസി ഇവിടേക്ക് മാറ്റുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

ഇസ്രയേല്‍ കൈയടക്കിയ കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കാന്‍ പലസ്തീന് അവകാശമുണ്ടെന്ന് സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. മേഖലയിലെ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയപരിഹാരം ആവശ്യമാണ്. പലസ്തീനുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത് പലസ്തീന്‍ ജനതയാണ്- രാജാവ് പറഞ്ഞു.