22 April Sunday

ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Thursday Dec 14, 2017

വാഷിങ്ടണ്‍ > നിരന്തരമുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരകൊറിയയുമായി ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റക്സ് ടില്ലേഴ്സന്‍ പറഞ്ഞു. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്ന അമേരിക്ക നിലപാട് മയപ്പെടുത്തുന്നതിന്റെ ലക്ഷണമായാണ് ടില്ലേഴ്സന്റെ പ്രസ്താവനയെ ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.

ഐക്യരാഷ്ട്രസഭയുടെ വിലക്കുകള്‍ കടുപ്പിച്ചതിന് പിന്നാലെ ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതോടെയാണ് അമേരിക്ക ചര്‍ച്ചയ്ക്ക് തയ്യാറായത്. അതേസമയം ഉത്തരകൊറിയന്‍ വിഷയത്തില്‍ ഡോണള്‍ഡ് ട്രംപിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വൈറ്റ്ഹൌസ് വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര കൊറിയയുടെ പരീക്ഷണങ്ങള്‍ ലോകത്തിനുതന്നെ അപകടകരമാണെന്നും ഈ നടപടി തുടരുന്നത് ഉത്തരകൊറിയക്ക് ഗുണംചെയ്യില്ലെന്നും വൈറ്റ്ഹൌസ് മീഡിയ സെക്രട്ടറി  മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാന വാർത്തകൾ
Top