20 April Friday

ബഹ്റൈന്‍ വിമാനസര്‍വീസ് പുനഃസ്ഥാപിച്ചു

അനസ് യാസിന്‍Updated: Monday Aug 14, 2017

മനാമ > ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായി. കഴിഞ്ഞദിവസം അമേരിക്കന്‍ എഫ് 18 യുദ്ധവിമാനം ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് വിമാനത്താവളം രണ്ടു മണിക്കൂറോളം അടച്ചിട്ടത് എയര്‍ ഇന്ത്യാ എക്സ്പ്രസ് അടക്കം നിരവധി സര്‍വീസുകള്‍ താളം തെറ്റാന്‍ കാരണമായിരുന്നു. പ്രശ്നം പരിഹരിച്ച് സര്‍വീസ് സാധാരണ നിലയിലാക്കി.

ശനിയാഴ്ച ഇന്ത്യന്‍ പകല്‍ 12.40ഓടെയാണ് യുദ്ധവിമാനമായ എഫ്-18 അടിയന്തരമായി ഇടിച്ചിറക്കിയത്. യുഎസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് നിമിറ്റ്സില്‍നിന്ന് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ പരിശീലനപ്പറക്കലിനായി പറന്നുപൊങ്ങിയ യുദ്ധവിമാനത്തിന് എന്‍ജിന്‍ തകരാര്‍ കണ്ടതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് അമേരിക്കന്‍ സേനാവക്താവ് ബില്‍ അര്‍ബന്‍ പറഞ്ഞു. ശൈഖ് ഇസാ എയര്‍ ബേസില്‍ ഇറക്കാനാണ് ആദ്യം തീരുമാനിച്ചത്. ഇത് നടക്കാതെവന്നപ്പോള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിന് അനുമതി തേടി. 30-ാം നമ്പര്‍ റണ്‍വേയില്‍ ഇറങ്ങി റണ്‍വേ അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് നിര്‍ത്താനായത്. പൈലറ്റ് സുരക്ഷിതനാണ്.

ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം ഉടന്‍ അടിയന്തര നടപടികള്‍ കൈക്കൊണ്ടു. സിവില്‍ ഏവിയേഷന്‍ ബ്യൂറോ എമര്‍ജന്‍സി മാനേജ്മെന്റ് സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി 12.40 മുതല്‍ 2.50 വരെ റണ്‍വേ അടച്ചിട്ടു. ക്രാഷ് ലാന്‍ഡിങ്ങാണ് നടന്നത്.

സംഭവത്തെ തുടര്‍ന്ന് വിവിധ വിമാനസര്‍വീസുകള്‍ വഴിതിരിച്ചുവിട്ടിരുന്നു. ഒമ്പത് ഫ്ളൈറ്റുകളാണ് ദമാം, ദുബായ്, അബുദാബി വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത്. ഒരു ഫ്ളൈറ്റ് സര്‍വീസ് റദ്ദാക്കി. കുറഞ്ഞ സമയത്തിനുള്ളില്‍ വിമാനത്താവളം പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കുന്നതിന് എല്ലാവരും പങ്കുവഹിച്ചതായി സിവില്‍ ഏവിയേഷന്‍ പറഞ്ഞു. കൊച്ചിയില്‍നിന്ന് കോഴിക്കോട് വഴി ബഹ്റൈനിലേക്കുവന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനവും സംഭവത്തെ തുടര്‍ന്ന് വൈകി. ഈ വിമാനത്തിന് ദമാമിലാണ് ഇറങ്ങാനായത്. മടക്കയാത്രയും വൈകി.

പ്രധാന വാർത്തകൾ
Top