19 October Friday

ജറുസലേമിലെ അമേരിക്കൻ എംബസി തുറക്കലിനെതിരെ പ്രതിഷേധം; 41 പേരെ ഇസ്രയേൽ സേന വെടിവെച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Monday May 14, 2018

ജറുസലേം > ജറുസലേമിൽ അമേരിക്കൻ എംബസി തുറന്നതിനെതിരെ പ്രതിഷേധിച്ച 41 പേരെ ഇസ്രയേൽ സേന വെടിവെച്ചുകൊന്നു. 1,700 പേർക്കു പരിക്കേറ്റു. അമേരിക്കൻ എംബസിക്കെതിരായി പലസ്‌തീനികൾ നടത്തിയ പ്രതിഷേധത്തിലേക്കാണ്‌ ഇസ്രയേൽ സൈന്യം വെടിയുതിർത്തത്‌. 

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികളുടെ ഭാഗമാണ്‌ ജറുസലേമിൽ അമേരിക്കയുടെ എംബസി തുറക്കൽ. എംബസി തുറക്കുന്നതിനെതിരെ പലസ്‌തീനിൽ ശക്തമായ പ്രതിഷേധമാണുണ്ടായത്‌. അമേരിക്കയുടെ പ്രകോപനപരമായ നടപടിക്കെതിരെ ലോകരാജ്യങ്ങളിൽ നിന്നും എതിർപ്പുയർന്നിരുന്നു.

ഗാസയിൽ ഹമാസ്‌ ‘ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ’ എന്നപേരിൽ ആറാഴ്ചയായി പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. വ്യാപക പ്രതിഷേധം വകവെക്കാതെ എംബസി ഇന്നു തന്നെ തുറക്കാനുള്ള അമേരിക്കൻ നടപടിയിൽ പ്രതിഷേധിച്ച്‌ ഇന്ന്‌ 35000 പേരോളം തെരുവിലിറങ്ങി. ഇതിനെ നേരിടാൻ സൈനികസംവിധാനങ്ങൾ ഉപയോഗിക്കുകയായിരുന്നു ഇസ്രയേൽ. വിദൂരത്തുനിന്നും ഉന്നം തെറ്റാതെ വെടിവക്കാനായി സ്‌നൈപ്പർമാരെയടക്കം ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ നിരവധി കുട്ടികളും സ്‌ത്രീകളും ഉൾപ്പെടുന്നു.

പ്രതിഷേധങ്ങൾക്കും വെടിവയ്‌പിനുമിടയിലും യുഎസ് അംബാസഡർ ഡേവിഡ് ഫ്രൈഡ്‌മാൻ എംബസി ഉദ്‌ഘാടനം ചെയ്‌തു. ‘സാധാരണ നടപടിക്രമങ്ങൾക്ക്’ മാത്രമാണിതെന്നാണ്‌ വെടിവയപിനെക്കുറിച്ച്‌ ഇസ്രയേലിന്റെ വാദം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top