23 October Tuesday

ഷെറിന്റെ മരണം: വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

ടെക്സാസ് > അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തച്ഛന്‍ വെസ്ളി മാത്യൂസിനെതിരെ കൊലക്കുറ്റം ചുമത്തി. 

കുട്ടിയെ ഉപേക്ഷിച്ചതിനും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കല്‍, ബാലപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. വളര്‍ത്തമ്മ സിനി മാത്യൂസിനെതിരെ കുട്ടിയെ വീട്ടില്‍ ഉപേക്ഷിച്ചുപോയെന്ന കുറ്റമാണ് ചുമത്തിയത്. കുട്ടി കൊല്ലപ്പെടുമ്പോള്‍ സിനി സ്വന്തം മകളുമായി പുറത്തുപോയിരിക്കയായിരുന്നു. ഇവര്‍ക്ക് 20 വര്‍ഷംവരെ തടവും 10,000 ഡോളര്‍ (6,36,105 രൂപ) പിഴയും ലഭിക്കാനാണ് സാധ്യത. ദമ്പതികള്‍ ഇപ്പോള്‍ ജയിലിലാണ്.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് വീട്ടില്‍നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം രണ്ടാഴ്ചയ്ക്കുശേഷം വീടിനടുത്തുള്ള ഓവുചാലില്‍ കണ്ടെത്തുകയായിരുന്നു. പുലര്‍ച്ചെ മൂന്നിന് പാലുകുടിക്കാന്‍ വിസമ്മതിച്ച കുട്ടിയെ വീടിനുപുറത്ത് ഇറക്കിനിര്‍ത്തിയെന്നും പിന്നീട് കാണാതായെന്നുമാണ് വെസ്ളി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ വീടിനു പുറത്ത് ഉപേക്ഷിച്ചതിന് വെസ്ളിക്കെതിരെ കേസെടുത്തു. മൃതദേഹം കണ്ടെത്തിയതോടെ പാല്‍ തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചെന്ന് വെസ്ളി മൊഴി മാറ്റി. എന്നാല്‍, മരണത്തിലേക്ക് നയിക്കുന്ന വിധത്തില്‍ കുട്ടിക്ക് ദേഹോപദ്രവമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. വളര്‍ച്ചാവൈകല്യമുള്ള കുട്ടിയെ വെസ്ളി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

2016 ജൂലൈയിലാണ് ബിഹാറില്‍നിന്ന് കുട്ടിയെ ഡാലസില്‍ സ്ഥിരതാമസമാക്കിയ മലയാളി ദമ്പതികള്‍ ദത്തെടുത്തത്. ദത്തു നല്‍കിയ ഹോള്‍ട്ട് ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

പ്രധാന വാർത്തകൾ
Top