11 December Tuesday

ശ്രീലങ്കന്‍ പാർലമെന്‍റ് പിരിച്ചുവിടല്‍ : നിയമയുദ്ധം മുറുകി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 13, 2018


കൊളംബോ
പാർലമെന്റ‌് പിരിച്ചുവിട്ട ശ്രീലങ്കൻ പ്രസിഡന്റ‌് മൈത്രിപാല സിരിസേനയുടെ നടപടി ചോദ്യംചെയ‌്ത‌് പ്രതിപക്ഷപാർടികളും തെരഞ്ഞെടുപ്പ‌് കമീഷനംഗവും സുപ്രീംകോടതിയെ സമീപിച്ചു.

യുനൈറ്റഡ‌് നാഷണൽ പാർടി, തമിഴ‌് നാഷണൽ അലയൻസ‌്, ജനതാ വിമുക്തി പെരാമുന തുടങ്ങിയ പാർടികളും തെരഞ്ഞെടുപ്പ‌് കമീഷനംഗം പ്രൊഫ. രത‌്നജീവൻ ഹൂളെയുമാണ‌് സുപ്രീംകോടതിയെ സമീപിച്ചത‌്.

കാലാവധി അവസാനിക്കാൻ 20 മാസം ബാക്കിയിരിക്കെ പാർലമെന്റ‌് പിരിച്ചുവിട്ട നടപടി ജനാധിപത്യപരമല്ലെന്ന‌് ഹർജിയിൽ ചൂണ്ടിക്കാട്ടി. പ്രസിഡന്റിന്റെ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട‌്.

ഹർജികൾ സ്വീകരിച്ചതായും ഇവ എന്ന‌് പരിഗണിക്കുമെന്നത‌് ചീഫ‌് ജസ്റ്റിസ‌് അറിയിക്കുമെന്നും കോടതി ഉദ്യോഗസ്ഥൻ പറഞ്ഞു. രാഷ്ട്രീയപാർടികൾക്കുപുറമെ നിരവധി സംഘടനകളും വ്യക്തികളും ഹർജി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ,  സിരിസേനയുടെ നിയമവിരുദ്ധ ഉത്തരവുകൾ പാലിക്കരുതെന്നും അദ്ദേഹത്തിന്റെ നിർദേശങ്ങളെല്ലാം തള്ളിക്കളയണമെന്നും സ‌്പീക്കർ കാരു ജയസൂര്യ ജീവനക്കാരോട‌് ആവശ്യപ്പെട്ടു. പാർലമെന്റ‌് പിരിച്ചുവിട്ട നടപടിയെ ശക്തമായി ന്യായീകരിച്ച‌് സിരിസേന വീണ്ടും രംഗത്തെത്തി.


പ്രധാന വാർത്തകൾ
Top