Top
23
Tuesday, January 2018
About UsE-Paper

ഭീകരര്‍ക്കായി 'വല വിരിച്ച്' ലണ്ടന്‍ പൊലീസ്

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌


ലണ്ടന്‍ > ആള്‍ക്കൂട്ടത്തിലേക്ക് വാഹനമോടിച്ച് കയറ്റിയുള്ള ഭീകരാക്രമണങ്ങള്‍ തടയാന്‍ പ്രത്യേക വല ആവിഷ്കരിച്ച്് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ്. ടാലണ്‍ എന്ന് പേരിട്ടിരിക്കുന്ന തറയില്‍ വിരിക്കാവുന്ന വലയില്‍ ടങ്സ്റ്റണ്‍ സ്റ്റീല്‍കൊണ്ട് നിര്‍മിച്ച കൂര്‍ത്തഭാഗമുണ്ട്. വാഹനങ്ങള്‍ ഇതില്‍ കയറുമ്പോള്‍ ടയര്‍ പഞ്ചറാകും. പ്ളാസ്റ്റിക് കൊണ്ട് നിര്‍മിച്ചിരിക്കുന്ന വല വാഹനങ്ങളുടെ ചക്രത്തില്‍ കുരുങ്ങി വാഹനം നില്‍ക്കും. സ്പൈഡര്‍മാന്‍ സിനിമകളിലൂടെ സുപരിചിതമായ രീതിയാണ് ലണ്ടന്‍ പൊലീസ് സ്വീകരിച്ചിരിക്കുന്നത്.

മധ്യലണ്ടനിലെ വൈറ്റ്ഹാളില്‍ ഞായറാഴ്ച നടന്ന നാവികരുടെ പരേഡില്‍ മെട്രോപൊളിറ്റന്‍ പൊലീസ് ടാലണ്‍ അവതരിപ്പിച്ചു. ലണ്ടനില്‍ ആളുകള്‍ തടിച്ചുകൂടുന്നയിടത്തെല്ലാം പൊലീസ് ടാലണ്‍ ഉപയോഗിക്കും. ലണ്ടനിലെ ഇരുനില ബസുകളുടെ വലുപ്പമുള്ള വാഹനങ്ങള്‍ പോലും ഈ വല ഉപയോഗിച്ച് നിര്‍ത്താനാകും. വളരെവേഗം തറയില്‍ ഇവ വിരിച്ചിടാനാകുമെന്നതും സൌകര്യമാണ്. ജനങ്ങളെ ഭീകരാക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ ലണ്ടന്‍ പൊലീസ് ആവിഷ്കരിക്കുന്ന പദ്ധതികളില്‍ ഒന്നുമാത്രമാണ് ഇതെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് ചീഫ് നിക്ക് സ്റ്റാലി പറഞ്ഞു.