25 April Wednesday

കുടിയേറ്റരാജ്യങ്ങള്‍ക്കെതിരെ അസഭ്യപരാമര്‍ശവുമായി ട്രംപ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

വാഷിങ്ടണ്‍ > കുടിയേറ്റരാജ്യങ്ങള്‍ക്കെതിരെ അസഭ്യവര്‍ഷവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുടിയേറ്റനിയമം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് ഹെയ്തി, എല്‍സാല്‍വദോര്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയ്ക്കെതിരെ ട്രംപ് അസഭ്യം ചൊരിഞ്ഞത്. "ഈ 'ഷിറ്റ്ഹോള്‍' രാജ്യങ്ങളില്‍നിന്നുള്ളവര്‍ എന്തിനാണ് അമേരിക്കയിലേക്ക് വരുന്നത്'' എന്നായിരുന്നു ട്രംപിന്റെ ചോദ്യം. വൈറ്റ് ഹൌസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

നോര്‍വേയില്‍നിന്ന് കൂടുതല്‍ ആളുകളെ അമേരിക്കയിലേക്ക് കൊണ്ടുവരണം. ഏഷ്യന്‍ രാജ്യങ്ങള്‍ അമേരിക്കയ്ക്ക് സാമ്പത്തികനേട്ടമുണ്ടാകാന്‍ സഹായിക്കുന്നതിനാല്‍ അവര്‍ക്കായി രാജ്യത്തിന്റെ വാതില്‍ തുറന്നിടണം. ഹെയ്തിയില്‍നിന്നുള്ളവരെ അമേരിക്കയ്ക്ക് വേണ്ട. അവരെ പുറത്താക്കുക- ട്രംപ് പറഞ്ഞു.

ചില പ്രത്യേക നിറമുള്ളവരെ രാജ്യത്തുനിന്ന് അകറ്റിനിര്‍ത്തണമെന്നാണ് ട്രംപിന്റെ അഭിപ്രായമെന്ന് പാര്‍ലമെന്റ് അംഗമായ ലൂയിസ് ഗ്യുട്ടെറിസ് പറഞ്ഞു. റിപ്പബ്ളിക്കന്‍ പാര്‍ടി കുടിയേറ്റത്തെ എതിര്‍ക്കുന്നു. തങ്ങള്‍ ചര്‍ച്ചയില്‍ ചില നിര്‍ദേശങ്ങള്‍ വച്ചപ്പോള്‍ വംശീയപരാമര്‍ശവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ഗ്യുട്ടെറിസ് വ്യക്തമാക്കി.

ട്രംപ് ബ്രിട്ടന്‍സന്ദര്‍ശനം റദ്ദാക്കി
ലണ്ടന്‍ > അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫെബ്രുവരിയില്‍ ബ്രിട്ടനില്‍ നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി. ഇറാനുമായുള്ള ആണവകരാറില്‍നിന്ന് പിന്മാറാനുള്ള അമേരിക്കന്‍ തീരുമാനത്തില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് ട്രംപ് യാത്ര റദ്ദാക്കിയത്. സന്ദര്‍ശനസമയത്ത് സമാധാനപരമായ പ്രതിഷേധമുണ്ടാകുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അറിയിക്കുകയും ചെയ്തു.

ലണ്ടനിലെ പുതിയ അമേരിക്കന്‍ എംബസി കെട്ടിടം ട്രംപ് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍, ഇത് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. പുതിയ എംബസി കെട്ടിടം ഒബാമ സര്‍ക്കാരിന് സംഭവിച്ച തെറ്റാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. താന്‍ ബ്രിട്ടന്‍ യാത്ര ഒഴിവാക്കിയത് ഒബാമ സര്‍ക്കാരിന്റെ നടപടിയോടുള്ള എതിര്‍പ്പ് കാരണമാണ്. ഗ്രോസ്നോവറില്‍ സ്ഥിതിചെയ്തിരുന്ന മുന്‍ എംബസി ഒബാമ സര്‍ക്കാര്‍ കപ്പലണ്ടിവിലയ്ക്ക് വിറ്റതായും ട്രംപ് പരിഹസിച്ചു.

പ്രധാന വാർത്തകൾ
Top