25 September Tuesday

ചരിത്രവിജയം ...നേപ്പാളില്‍ കമ്യൂണിസ്റ്റ് സഖ്യത്തിന്110 സീറ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 12, 2017

കാഠ്മണ്ഡു > നേപ്പാളില്‍ ചരിത്രവിജയം നേടിയ കമ്യൂണിസ്റ്റ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിലേക്ക്. പാര്‍ലമെന്റിലേക്ക് നേരിട്ട് തെരഞ്ഞെടുപ്പ് നടന്ന 165 സീറ്റില്‍ 110 എണ്ണം സ്വന്തമാക്കിയാണ് സഖ്യം അധികാരമേറുന്നത്. ഫലം പ്രഖ്യാപിക്കാനുള്ള 9 സീറ്റില്‍ ഏഴെണ്ണത്തിലും കമ്യൂണിസ്റ്റ് സഖ്യം മുന്നിലാണ്. 275 അംഗ ജനപ്രതിനിധിസഭയിലെ 110 സീറ്റില്‍ ആനുപാതിക പ്രാതിനിധ്യപ്രകാരമാണ് തെരഞ്ഞെടുപ്പ്. ഇതിലേക്കുള്ള വോട്ടെണ്ണല്‍ തുടരുകയാണ്.

76 സീറ്റുമായി കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാളാ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്)ണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. സഖ്യകക്ഷിയായ സിപിഎന്‍ മാവോയിസ്റ്റ് സെന്റര്‍ 34 സീറ്റുമായി രണ്ടാമതെത്തി. ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസിന് ഇത്തവണ വെറും 21 സീറ്റാണ് ലഭിച്ചത്. രണ്ടു മധേശി പാര്‍ടികള്‍ക്കുമായി 19 സീറ്റ് ലഭിച്ചു. മൂന്ന് സ്വതന്ത്രരും വിജയിച്ചു.

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ സിപിഎന്‍ യുഎംഎല്‍ നേതാവ് കെ പി ശര്‍മ ഓലി 28,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അദ്ദേഹം നേടിയ 57,139 വോട്ട് ഈ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് ലഭിച്ച ഏറ്റവും കൂടിയ വോട്ടാണ്. സിപിഎന്‍ മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ പതിനായിരത്തിലേറെ വോട്ടിന് വിജയിച്ചു.

2006ല്‍ ആഭ്യന്തരസംഘര്‍ഷം അവസാനിച്ചശേഷം ഫെഡറല്‍ ജനാധിപത്യത്തിലേക്ക് നീങ്ങിയ നേപ്പാളില്‍ തുടര്‍ന്നുള്ള 11 വര്‍ഷത്തിനിടെ പത്തു പ്രധാനമന്ത്രിമാരുണ്ടായി. ഈ രാഷ്ട്രീയ അസ്ഥിരതയ്ക്കുകൂടിയാണ് കമ്യൂണിസ്റ്റ് പാര്‍ടികളുടെ യോജിച്ച പോരാട്ടത്തിലൂടെ അന്ത്യമായത്.

പ്രധാന വാർത്തകൾ
Top