Top
21
Tuesday, November 2017
About UsE-Paper

മഡുറോക്കുവേണ്ടി മരിക്കാനും തയ്യാര്‍: മറഡോണ

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

ബ്യൂനസ് ഐറിസ് > വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തന്റെ മരണംവരെ പിന്തുണയ്ക്കുമെന്ന് ഫുട്ബോള്‍ ഇതിഹാസം ദ്യോഗോ മറഡോണ. പ്രതിപക്ഷത്തെ കലാപത്തിലേക്കിറക്കി വെനസ്വേലയിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമം തുടരുന്നതിനിടെയാണ് മഡുറോക്ക് ശക്തമായ പിന്തുണയുമായി മറഡോണ രംഗത്തെത്തിയത്. 'ഞാന്‍ മഡുറോയ്ക്കൊപ്പമാണ്. അദ്ദേഹത്തിനുവേണ്ടി മരിക്കാനും തയ്യാറാണ്'- ലാറ്റിനമേരിക്കന്‍ ടെലിവിഷന്‍ ശൃംഖലയായ ടെലിസുറിന് നല്‍കിയ അഭിമുഖത്തില്‍ മറഡോണ പറഞ്ഞു. 

അമേരിക്കയും കൂട്ടാളികളും ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങള്‍ക്കിടയിലും തളരാതെ മുന്നേറുന്ന മഡുറോയുടെയും വെനസ്വേലയുടെയും കരുത്തിനെ മറഡോണ പ്രശംസിച്ചു. അമേരിക്കയുടെ അധമമായ ചെയ്തികളെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കാന്‍ വെനസ്വേലന്‍ ജനതയോട് മറഡോണ ആഹ്വാനംചെയ്തു. ഇതിനായി ക്യൂബന്‍ വിപ്ളവനായകന്‍ ഫിദല്‍ കാസ്ട്രോയുടെ മാര്‍ഗനിര്‍ദ്ദേശം പിന്തുടര്‍ന്ന് ആശയപോരാട്ടം ശക്തിപ്പെടുത്തണം.

വെനസ്വേലയോടുള്ള അമേരിക്കയുടെ നിലപാടിനെ പലസ്തീനിലെ ഇസ്രയേലി അധിനിവേശത്തോടാണ് മറഡോണ ഉപമിച്ചത്. 'പലസ്തീന്‍കാരുടെ കൈയ്യിലുള്ളത് കല്ലുകള്‍ മാത്രമാണ്്്്, ഇസ്രായേല്‍ അതിനെ നേരിടുന്നത് മിസൈലുകള്‍കൊണ്ടും'- മറഡോണ പറഞ്ഞു. 'യാങ്കികളേക്കാള്‍ മനോഹരമായി ആരും നുണപറയില്ല. അവരാണ് ഇറാഖിനെ കട്ടുമുടിച്ചത്, എന്നാലിതവര്‍ സമ്മതിക്കുമോ'- അമേരിക്കക്കെതിരെ മറഡോണ തുറന്നടിച്ചു. 

ക്യൂബയ്ക്കുമേല്‍ വ്യാപാര-വാണിജ്യ-സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കയുടെ നടപടിയെയും മറഡോണ എതിര്‍ത്തു. സാമ്രാജ്യത്വവിരുദ്ധ നിലപാടില്‍നിന്ന് പിന്നോട്ടുപോകുന്ന ബ്രസീലിലെയും അര്‍ജന്റീനയിലെയും പുതിയ ഭരണാധികാരികളെയും മറഡോണ വിമര്‍ശിച്ചു. 'അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിനും ബ്രസീലില്‍ മൈക്കല്‍ തിമിറിനും ജനങ്ങള്‍കുവേണ്ടി ഏറെ ചെയ്യാനുണ്ട്. എന്നാല്‍ അവര്‍ക്ക് ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നതില്‍ മാത്രമാണ് താല്‍പ്പര്യം. അതല്ല അവരുടെ ജോലി'- മറഡോണ പറഞ്ഞു.

ട്രംപ് അധികാരത്തിലെത്തിയശേഷം മഡുറോയും വൈസ്പ്രസിഡന്റ് താരാക്ക് എല്‍ ഐസമിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും വെനസ്വേലയുടെ എണ്ണക്കമ്പനിയായ പിഡിവിഎസ്എക്കുമെതിരെ ഈവര്‍ഷം കടുത്ത ഉപരോധമാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്്്.