Top
18
Saturday, November 2017
About UsE-Paper

ഖത്തര്‍ ഷൂറ കൌണ്‍സിലില്‍ ഇതാദ്യമായി 4 വനിതകള്‍

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

ദോഹ > ഖത്തറിലെ പൌരോഹിത്യസഭയായ ഷൂറ കൌണ്‍സിലില്‍ നാല് സ്ത്രീകളടക്കം 28 പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി. ഖത്തറിന്റെ ചരിത്രത്തിലാദ്യമാണ് സര്‍ക്കാരിന്റെ ഭരണനയങ്ങളും നിയമങ്ങളും ബജറ്റ് അടക്കമുള്ള സാമ്പത്തികകാര്യങ്ങളും തീരുമാനിക്കുന്ന ഷൂറ കൌണ്‍സിലില്‍ വനിതകളെ ഉള്‍പ്പെടുത്തുന്നത്. ഹിന്ദ് അബ്ദുള്‍ റഹ്മാന്‍ അല്‍ മുസ്തഫ, ഹസ്സ അല്‍ ജാബര്‍, റീം അല്‍ മന്‍സൂരി, അയിഷ യൂസഫ് അല്‍ മനായ് എന്നീ വനിതകളാണ് ചരിത്രത്തില്‍ ഇടംപിടിക്കുന്നത്.

ഖത്തറുമായുള്ള നയതന്ത്രബന്ധം റദ്ദാക്കി  ഗള്‍ഫ് രാജ്യങ്ങള്‍  ഉപരോധം ഏര്‍പ്പെടുത്തിയശേഷം ഖത്തര്‍ ഭരണാധികാരികള്‍ നടപ്പാക്കുന്ന പരിഷ്കരണ പരിപാടികളുടെ ഭാഗമായാണ് ഈ തീരുമാനം. കുടിയേറ്റത്തൊഴിലാളികളെ സംരക്ഷിക്കുന്ന വാസ-തൊഴില്‍നിയമങ്ങള്‍ ഖത്തര്‍ അടുത്തിടെ പരിഷ്കരിച്ചിരുന്നു.
അതേസമയം, ഖത്തര്‍ രാഷ്ട്രീയത്തിലേക്ക് വനിതകള്‍ ഇതിനുമുമ്പ് എത്തിയിട്ടുണ്ട്. 2015ല്‍ സെന്‍ട്രല്‍ മുന്‍സിപ്പല്‍ കൌണ്‍സിലിലേക്ക് രണ്ട് വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.