19 November Monday

12 മേഖലകളില്‍ സൗദിവല്‍ക്കരണത്തില്‍ ഇളവിന‌് നീക്കം

അനസ് യാസിന്‍Updated: Wednesday Jul 11, 2018

മനാമ > സൗദിയിൽ പുതുതായി തീരുമാനിച്ച 12 മേഖലകളിൽ സമ്പൂർണ സ്വദേശിവൽക്കരണത്തിൽ ഇളവിന‌് സാധ്യത. സൗദിവൽക്കരണം 70 ശതമാനമായി കുറയ‌്ക്കാനാണ‌് തീരുമാനം. 12 മേഖലകളിൽ സ്വദേശിവൽക്കരണത്തിൽ ഇളവ് നൽകുമെന്ന‌് സാമൂഹികവികസനമന്ത്രാലയം സൂചിപ്പിച്ചു. സൗദി തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ഈ മേഖലകളിൽ 30 ശതമാനംവരെ വിദേശികളെ ജോലിക്ക‌് വയ‌്ക്കാമെന്നു കരട‌് ഗൈഡ‌് വ്യക്തമാക്കുന്നു. ഒരു സൗദി ജീവനക്കാരനെങ്കിലും ഇല്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ല. വിദേശികൾ ഒറ്റയ‌്ക്ക് ജോലി ചെയ്യുന്നവയ‌്ക്കും 30 ശതമാനത്തിൽ കൂടുതൽ വിദേശികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കും പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കാർ, ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, പുരുഷ ഉൽപ്പന്നങ്ങൾ, ഫർണിച്ചർ, പാത്രങ്ങൾ എന്നിവ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ സെപ്തംബർ 11 മുതലും ഇലക്ട്രിക്, ഇലക്‌ട്രോണിക്‌സ് കടകൾ, വാച്ച്, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്) എന്നിവിടങ്ങളിൽ നവംബർ ഒമ്പതുമുതലും ചോക്ലേറ്റ്, പലഹാരക്കടകൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിടനിർമാണ കടകൾ, കാർപെറ്റ് കടകൾ, മെഡിക്കൽ ഉപകരണ ഷോപ്പ് എന്നിവിടങ്ങളിൽ 2019 ജനുവരി ഏഴുമുതലും സ്വദേശിവൽക്കരണം നടപ്പാക്കാനാണ് തീരുമാനം. ഈ മേഖലകളിലാണ് ഇളവു നൽകുന്നത്. 

സ്ഥാപനങ്ങളിൽ നിയമിക്കേണ്ട സ്വദേശികളുടെ എണ്ണവും മന്ത്രാലയം വ്യക്തമാക്കി. ഇതനുസരിച്ച് ഒരു ജീവനക്കാരൻമാത്രമുള്ള സ്ഥാപനങ്ങളിൽ സൗദി സ്വദേശികൾക്കുമാത്രമാണ് ജോലി ചെയ്യാൻ അനുമതി. രണ്ടു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഒരു സൗദിയെയും മൂന്നു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ രണ്ട‌് സൗദികളെയും നാലു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ രണ്ട‌് സൗദികളെയും അഞ്ചു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ മൂന്ന‌് സൗദികളെയും നിയമിക്കണം. മന്ത്രാലയത്തിന്റെ പുതിയ നീക്കം വിദേശതൊഴിലാളികൾക്കും സ്വകാര്യമേഖലയ‌്ക്കും ഒരുപരിധിവരെയെങ്കിലും ആശ്വാസമാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top