22 September Saturday

ചരിത്രപരമായ തീരുമാനം; ട്രംപ്‐ കിം ജോങ് അൻ കൂടിക്കാഴ്ച മേയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 10, 2018

വാഷിങ്‌‌ടൺ > പാശ്ചാത്യശക്തികളുടെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാതെ നിന്ന ഉത്തരകൊറിയയുമായി നേരിട്ട് ചർച്ചനടത്താൻ ഒടുവിൽ അമേരിക്ക തയ്യാറായി. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് അന്നുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുഖാമുഖചർച്ച നടത്തുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. മേയിൽ നിശ്ചയിച്ച ചർച്ചയുടെ തീയതിയും സ്ഥലവും പിന്നീട് തീരുമാനിക്കും. ചരിത്രത്തിൽ ഇന്നേവരെ ഉത്തരകൊറിയൻ ഭരണാധികാരിയും അമേരിക്കൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയിട്ടില്ല.  ഉത്തരകൊറിയ മുൻകൈയെടുത്ത് ദക്ഷിണകൊറിയയുമായി സമാധാനചർച്ച ആരംഭിച്ചതിന്റെ തുടർച്ചയായാണ് ചരിത്രപരമായ ചർച്ചയ്ക്ക് അവസരമൊരുങ്ങിയത്.  അടുത്തമാസം നിർണായക ഉത്തര‐ദക്ഷിണ കൊറിയ ഉച്ചകോടി നിശ്ചയിച്ചിട്ടുണ്ട്്.

ഉത്തരകൊറിയയിലെത്തി കിം ജോങ് അന്നുമായി കൂടിക്കാഴ്ച നടത്തിയ ദക്ഷിണകൊറിയയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുങ് ഇയൂയി‐യങ്  വൈറ്റ് ഹൗസിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് നിർണായക പ്രഖ്യാപനമുണ്ടായത്. ഉത്തരകൊറിയയുമായി ചർച്ച നടത്തുമെന്നും എന്നാൽ, ആണവനിരായുധീകരണം സാധ്യമാകുന്നതുവരെ ഉപരോധം തുടരുമെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. ചർച്ചാകലയളവിൽ ആണവപരീക്ഷണം നടത്തില്ലെന്ന ഉത്തരകൊറിയൻ പ്രഖ്യാപനം മികച്ച പുരോഗതിയാണെന്നും ട്രംപ് കുറിച്ചു.

ഇരുരാഷ്ട്രനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം മഹാത്ഭുതമാണെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ പ്രതികരിച്ചു. പ്രശ്നപരിഹാരത്തിനുള്ള ശരിയായ ദിശയുള്ള നീക്കമാണിതെന്നും ഉത്തരകൊറിയ രാഷ്ട്രീയധൈര്യം പ്രകടിപ്പിച്ചെന്നും ചൈന പ്രതികരിച്ചു. ദക്ഷിണകൊറിയയുമായി ചേർന്ന് അമേരിക്ക സൈനികപരിശീലനം ശക്തമാക്കിയതിനെ തുടർന്ന് കഴിഞ്ഞവർഷം ഉത്തരകൊറിയ തുടർച്ചയായി ആണവപരീക്ഷണം നടത്തിയിരുന്നു. ഇരുരാഷ്ട്രവും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം നിലയിലെത്തി. ഉത്തരകൊറിയയെ നശിപ്പിക്കുമെന്ന് ട്രംപ് ഐക്യരാഷ്ട്രസഭയിൽ പ്രഖ്യാപിച്ചു.  ഇതിനെല്ലാംം ഉത്തരകൊറിയ ശക്തമായ മറുപടി നൽകി.  ദക്ഷിണകൊറിയ വേദിയായ ശീതകാല ഒളിമ്പിക്സിൽ ഉത്തരകൊറിയൻ സംഘത്തെ അയയ്ക്കാനുള്ള കിം ജോങ് അന്നിന്റെ തീരുമാനമാണ് ഇരുകൊറിയകളും തമ്മിലുള്ള സമാധാനചർച്ചയ്ക്ക് വഴിയൊരുക്കിയത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top