23 September Sunday

സൗദിയില്‍ ഒന്നര വര്‍ഷത്തിനിടെ 11 ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്‌ടപ്പെട്ടു

അനസ് യാസിന്‍Updated: Thursday Aug 9, 2018

മനാമ > ഒന്നര വർഷത്തിനിടെ സൗദിയിൽ 11 ലക്ഷത്തോളം വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ഈവർഷം ആദ്യ ആറു മാസത്തിനിടെ 5.12 ലക്ഷം വിദേശികൾക്കും കഴിഞ്ഞവർഷം 5.85 ലക്ഷം വിദേശികൾക്കുമാണ് തൊഴിൽ നഷ്ടപ്പെട്ടത്. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

2017 ഡിസംബറിൽ വിദേശ തൊഴിലാളികളുടെ എണ്ണം 79,07,511 ആയിരുന്നു. ഈവർഷം മാർച്ച് അവസാനം സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികൾ 77,08,009 ആയിരുന്നു. എന്നാൽ, ഈ വർഷം ജൂൺ അവസാനവാര കണക്കുകൾപ്രകാരം വിദേശ തൊഴിലാളികളുടെ എണ്ണം 73,95,446 ആയി കുറഞ്ഞു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലാണ് ഏറ്റവുമധികം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതെന്ന് ഗോസി കണക്കുകൾ വ്യക്തമാക്കുന്നു. 

കഴിഞ്ഞ വർഷം ആദ്യപാദത്തിൽ 68,600 വിദേശികൾക്കും രണ്ടാം പാദത്തിൽ 1,10,700 വിദേശികൾക്കും മൂന്നാം പാദത്തിൽ 1,27,700 വിദേശികൾക്കും നാലാം പാദത്തിൽ 2,78,800 വിദേശികൾക്കും തൊഴിൽ നഷ്ടപ്പെട്ടു. ആറുമാസത്തിനിടെ 45,900 ഓളം സൗദികൾക്കും സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടു. സ്വദേശികളും വിദേശികളുമടക്കം ഈവർഷം ആദ്യപാദത്തിൽ 1,99,500 പേർക്കും രണ്ടാം പാദത്തിൽ 3,13,000 പേർക്കും തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. 2017 അവസാനം ആകെ ജീവനക്കാർ 96,86,971 ആയിരുന്നെങ്കിൽ ഈ വർഷം മാർച്ചിൽ 94,70,013 ആയും ജൂണിൽ 91,29,006 ആയും കുറഞ്ഞു. ആറുമാസത്തിനിടെ ജീവനക്കാരുടെ എണ്ണത്തിൽ 5,57,965 പേരുടെ കുറവുണ്ടായി. ഇതിൽ 92 ശതമാനവും വിദേശികൾ.

ഏറ്റവും പുതിയ കണക്കുകൾപ്രകാരം സ്വകാര്യമേഖലയിലെ സൗദി ജീവനക്കാർ 17,33,560 ആയി കുറഞ്ഞു. കഴിഞ്ഞ വർഷാവസാനം സൗദി ജീവനക്കാർ 17,79,460 ആയിരുന്നു. എന്നാൽ, ഒന്നര വർഷത്തിനിടെ സ്വകാര്യമേഖലയിൽ 58,400 ഓളം സൗദികൾക്ക് പുതുതായി തൊഴിൽ ലഭിച്ചു. ജൂൺ അവസാനവാര കണക്കുകൾ പ്രകാരം സ്വകാര്യമേഖലയിലെ ആകെ ജീവനക്കാർ 91.29 ലക്ഷമാണ്.

പ്രധാന വാർത്തകൾ
Top