14 November Wednesday

സൂര്യനെ അറിയാൻ പാർക്കർ സോളാർ പ്രോബ് ; ആദ്യ സൂര്യദൗത്യത്തിന് ജൂലൈ 31ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Apr 9, 2018


വാഷിങ്ടൺ > മനുഷ്യന്റെ ആദ്യ സൂര്യദൗത്യം ജൂലൈ 31ന് ആരംഭിക്കും. സൂര്യന്റെ പുറംപാളി (കൊറോള) ലക്ഷ്യമാക്കിയുള്ള പേടകം ഫ്ളോറിഡയിലെ കെന്നഡി ബഹിരാകാശകേന്ദ്രത്തിൽനിന്ന് ജൂലൈ 31ന് വിക്ഷേപിക്കുമെന്ന് നാസ അറിയിച്ചു. ഡെൽറ്റ‐ നാല് എന്ന അതിശക്തമായ റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക. സൂര്യന്റെ പുറംപാളിയെക്കുറിച്ച് പഠിക്കുക എന്നതാണ് ലക്ഷ്യം. പാർക്കർ സോളാർ പ്രോബ് എന്നുപേരിട്ട പേടകം സൂര്യനോട് ഏറ്റവും അടുത്തായിരിക്കും ഭ്രമണം ചെയ്യുകയെന്ന് നാസ ശാസ്ത്രജ്ഞർ അറിയിച്ചു. സൂര്യന്റെ ഉപരിതലത്തിൽനിന്ന് 98 ലക്ഷം കിലോമീറ്റർവരെ അടുത്തുള്ള പഥത്തിലായിരിക്കും ഇത് ഭ്രമണംചെയ്യുക.

വളരെ അടുത്തുള്ള ഭ്രമണപഥത്തിൽ സൂര്യന്റെ അതിശക്തമായ താപത്തെ നേരിടാൻ കഴിയുന്ന പ്രതിരോധകവച(തെർമൽ പ്രൊട്ടക്ഷൻ സംവിധാനം‐ ടിപിഎസ്)മാണ് പേടകത്തിൽ സ്ഥാപിക്കുക. ഈ പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. പേടകത്തിൽ ടിപിഎസ് സ്ഥാപിക്കുന്നത് റോക്കറ്റുമായി ബന്ധിപ്പിക്കുന്നതിന് തൊട്ടുമുമ്പുള്ള ഘട്ടമാണെന്ന് അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിലെ പാർക്കർ സോളാർ പ്രോബ് പ്രോജക്ട് മാനേജർ ആൻഡി ട്രൈസ്മാൻ പറഞ്ഞു.

സൂര്യനെക്കുറിച്ച് പഠിക്കുന്നതിനൊപ്പം നക്ഷത്രങ്ങളെക്കുറിച്ചുള്ള ഭൗതികനിയമങ്ങളിൽ നിലനിൽക്കുന്ന സംശയങ്ങൾക്കും ദൗത്യത്തിലൂടെ ഉത്തരം കണ്ടെത്തും.  സൗരവാതകങ്ങളെക്കുറിച്ചും ഗ്രഹങ്ങളിലെ കാലാവസ്ഥയെ ഇവ എങ്ങനെ സ്വാധീനിക്കുന്നുവെന്നും പഠനവിധേയമാക്കും. പാർക്കർ സോളാർ പ്രോബ് വിക്ഷേപിക്കുന്നതിന്റെ അവസാനവട്ട ഒരുക്കത്തിലാണ് നാസ. ഡെൽറ്റ നാല് റോക്കറ്റുമായി ബന്ധിപ്പിക്കാൻ പേടകം ഫ്ളോറിഡയിൽ എത്തിച്ചു.

പ്രധാന വാർത്തകൾ
Top