25 September Tuesday

യുഎസ്‌ സമ്മർദം: ഉത്തര കൊറിയക്കെതിരെ യുഎൻ ഉപരോധ നീക്കം

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

ഐക്യരാഷ്ട്ര കേന്ദ്രം > അമേരിക്കൻ സമ്മർദത്തിൽ ഉത്തരകൊറിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഐക്യരാഷ്ട്രസഭ. അടുത്തിടെ പുറത്തുവിട്ട അമേരിക്കൻ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോർട്ടിന്റെ  മാതൃകയിൽ ഉത്തരകൊറിയ ആണവപരീക്ഷണം തുടരുന്നുവെന്ന റിപ്പോർട്ടാണ‌് യുഎന്നും പുറത്തുവിട്ടത‌്.  ഉത്തരകൊറിയ ആണവപരീക്ഷണം  തുടരുന്നത‌് ലോകത്തിനുതന്നെ ഭീഷണിയായിരിക്കുകയാണെന്നാണ‌് റിപ്പോർട്ടിൽ. കടുത്ത നടപടിയാവശ്യപ്പെട്ട് യു‌എൻ രക്ഷാസമിതിയോഗത്തിൽ അമേരിക്ക രംഗത്തെത്തിയതിനു പിറകെയാണ‌് നീക്കം.

ലോകരാഷ്ട്രങ്ങളെ വെല്ലുവിളിക്കുന്ന ഉത്തരകൊറിയക്കെതിരെ  നടപടി വേണമെന്നായിരുന്നു അമേരിക്കൻ അംബാസഡര്‍ നിക്കി ഹേലിയുടെ പ്രതികരണം. യുഎൻ മുന്നറിയിപ്പ‌് അവഗണിച്ച് ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചെന്നും അവർ ആരോപിച്ചു.

അമേരിക്കൻ താൽപ്പര്യപ്രകാരം ഉത്തരകൊറിയക്കെതിരെ ഉപരോധം നടപ്പാക്കുന്നതിനായുള്ള  യുഎൻ വിദഗ്ധസമിതിയുടേതാണ‌് വെള്ളിയാഴ‌്ച പുറത്തുവിട്ട റിപ്പോര്‍ട്ട്. ഉത്തരകൊറിയയുടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ  കയറ്റുമതി വർധന അമേരിക്കയെ ആശങ്കപ്പെടുത്തുന്നു. കൊറിയയിൽനിന്ന‌് കടല്‍മാര്‍ഗമുള്ള കല്‍ക്കരി കയറ്റുമതിയും വന്‍തോതിൽ വര്‍ധിച്ചിരുന്നു. ഇതെല്ലാം അമേരിക്കയുടെ സാമ്പത്തിക താൽപ്പര്യങ്ങളെ ബാധിക്കുമെന്നതിനാലാണ‌് യുഎന്നിൽ സമ്മർദം ചെലുത്തി ഉത്തരകൊറിയക്കുനേരെ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക കോപ്പുകൂട്ടുന്നത‌്.

കഴിഞ്ഞദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഉത്തരകൊറിയ ആണവ നിരായുധീകരണം പൂര്‍ണമായി നടപ്പാക്കുന്നത് വൈകുമെന്ന് പറഞ്ഞിരുന്നു. അതിനാൽ നയതന്ത്ര, സാമ്പത്തിക  സമ്മര്‍ദം തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയക്കാര്‍ക്ക് രാജ്യത്ത‌് കൂടുതൽ  അവസരം നല്‍കാന്‍ റഷ്യ തീരുമാനിച്ചതും അമേരിക്കയെ പ്രകോപിപ്പിച്ചിട്ടുണ്ട‌്.  യുഎസിന്റെ ഉപരോധനീക്കത്തെ തള്ളിയാണ‌് പുടിൻ ഈ തീരുമാനമെടുത്തത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top