22 September Saturday

ഇന്ധനവില വര്‍ധനയ്‌‌ക്കെതിരെ പ്രക്ഷോഭം: ജോർദാൻ പ്രധാനമന്ത്രി രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

അമ്മൻ > ഇന്ധനവില വർധനയ‌്‌‌‌ക്കും നികുതിനിരക്ക‌് വർധനയ‌്ക്കും എതിരെ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടതോടെ ജോർദാൻ പ്രധാനമന്ത്രി ഹനി മുൽകി രാജിവച്ചു. പ്രക്ഷോഭം സംഘർഷത്തിലേക്ക‌് മാറിയ സാഹചര്യത്തിൽ ജോർദാൻ രാജാവ‌് അബ്‌ദുള്ള രണ്ടാമൻ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. 

2011നുശേഷം ആദ്യമായാണ‌് രാജ്യം ഇത്രയും വലിയ സർക്കാർപ്രക്ഷോഭത്തിന‌് സാക്ഷ്യംവഹിച്ചത‌്. രാജിക്കത്ത‌് ഹനി മുൽകി അബ്‌ദുള്ള രാജാവിന‌് കൈമാറി. രണ്ടുവർഷംമുമ്പാണ‌് ഹനി മുൽകി പ്രധാനമന്ത്രിയായത‌്. പുതിയ ആദായനികുതിനിരക്ക‌് നിയമവും ഇന്ധനവില വർധനയും വേണമെന്ന അന്താരാഷ്‌‌‌ട്ര നാണയനിധിയുടെ  നിർദേശം അടിച്ചേൽപ്പിക്കുന്ന സർക്കാർ നടപടിയിൽ ജോർദാൻജനത കടുത്ത പ്രതിഷേധത്തിലായിരുന്നു.

കഴിഞ്ഞയാഴ‌്‌ച  വിവിധ മേഖലകളിൽ സർക്കാർ നികുതിനിരക്ക‌് വർധിപ്പിച്ചു. തൊഴിലാളികളുടെ നികുതി അഞ്ച‌ുശതമാനംവരെയും കമ്പനികളുടെത‌് 20നും 40 ശതമാനത്തിനും ഇടയിലുമാണ‌് വർധിപ്പിച്ചത‌്. ഇതിനെതിരെ ബുധനാഴ‌്ചയാണ‌് ജോർദാൻ നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങിയത‌്.

പ്രക്ഷോഭകാരികളുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ഞായറാഴ‌്ച പ്രക്ഷോഭം ശക്തിപ്പെട്ടു. സെൻട്രൽ അമ്മനിലെ കനത്ത പൊലീസ‌് കാവലുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന‌ു സമീപം മൂവായിരത്തോളം പേർ  തടിച്ചുകൂടി. തങ്ങൾ കീഴടങ്ങില്ല എന്ന മുദ്രാവാക്യവുമായി ദേശീയ പതാകയുമേന്തിയാണ‌് പ്രക്ഷോഭകർ തടിച്ചുകൂടിയത‌്.

ജനതയെ വൻ പ്രതിസന്ധിയിലേക്ക‌്  തള്ളിവിട്ട പ്രധാനമന്ത്രി ഹനി മുൽകി രാജിവയ‌്ക്കണമെന്നും പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടു. ഇതോടെ പിടിച്ചുനിൽക്കാനാകാതെയാണ‌് ഹനി മുൽകി രാജിവച്ചൊഴിഞ്ഞത‌്.
അതേസമയം പ്രധാനമന്ത്രിയുടെ രാജിയോടെ പ്രക്ഷോഭം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

പ്രധാന വാർത്തകൾ
Top