11 December Tuesday

മാര്‍ക്സിസം ഇപ്പോഴും പ്രസക്തം: എം എ ബേബി

സ്വന്തം ലേഖകന്‍Updated: Saturday Nov 4, 2017

ഒക്ടോബര്‍വിപ്ളവം ത്തിന്റെ നൂറാംവാര്‍ഷികത്തിന്റെ ഭാഗമായി റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിപിഐ എമ്മിനെ പ്രതിനിധീകരിച്ച് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി സംസാരിക്കുന്നു

ന്യൂഡല്‍ഹി > ഒക്ടോബര്‍ വിപ്ളവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ചരിത്രപരമായ സാഹചര്യങ്ങളില്‍ വലിയ മാറ്റം വന്നെങ്കിലും മാര്‍ക്സിസം- ലെനിനിസം ഇപ്പോഴും പ്രസക്തവും സാധുവുമായി തുടരുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.

ഒക്ടോബര്‍ വിപ്ളവം മാനവികചരിത്രത്തിലെ  നിര്‍ണായകനിമിഷങ്ങളിലൊന്നായിരുന്നെന്ന് വിപ്ളവത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ്- തൊഴിലാളി പാര്‍ടികളുടെ 19-ാം അന്താരാഷ്ട്രസമ്മേളനത്തെ അഭിസംബോധനചെയ്ത് ബേബി പറഞ്ഞു.

ചൂഷണരഹിതലോകം കെട്ടിപ്പടുക്കാനുള്ള സാധ്യത വിപ്ളവം കാട്ടിത്തന്നു. മാര്‍ക്സിസം- ലെനിനിസത്തിന്റെ സാധുത അത് പ്രകടമാക്കി. 1960കള്‍ വരെ സോവിയറ്റ് യൂണിയന്‍ കൈവരിച്ച സാമ്പത്തികവളര്‍ച്ച അഭൂതപൂര്‍വമാണ്. വിമര്‍ശകര്‍പോലും അതംഗീകരിക്കും. ആഭ്യന്തരയുദ്ധം അവസാനിച്ച് ഒരുദശകത്തിനുള്ളില്‍ നിരക്ഷരത ഇല്ലാതാക്കല്‍, സാര്‍വത്രിക പ്രാഥമികവിദ്യാഭ്യാസവും സെക്കന്‍ഡറി വിദ്യാഭ്യാസവും, ജന്മിത്തം അവസാനിപ്പിക്കല്‍, കൃഷിയിടങ്ങളിലും സഹകരണപ്രസ്ഥാനങ്ങളിലും ദരിദ്രകര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പങ്കുനല്‍കല്‍, എല്ലാ പൌരന്മാര്‍ക്കും സൌജന്യ വൈദ്യസഹായം, തൊഴിലില്ലായ്മ ഇല്ലാതാക്കല്‍, തുല്യവേതനം തുടങ്ങി പല നേട്ടങ്ങളും സോവിയറ്റ് യൂണിയന്‍ കൈവരിച്ചു. ശാസ്ത്ര-സാങ്കേതിക, ബഹിരാകാശ മേഖലകളില്‍ വലിയ നേട്ടമുണ്ടാക്കി.

വിപ്ളവം ലോകവ്യാപകമായി വിമോചനപോരാട്ടങ്ങള്‍ക്ക് വഴിയൊരുക്കി. വിപ്ളവസ്വഭാവത്തോടെയുള്ള തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങള്‍ക്കും ആക്കംപകര്‍ന്നു. ക്ഷേമ ഭരണകൂടമാതൃക സ്വീകരിക്കാന്‍ മുതലാളിത്ത സര്‍ക്കാരുകള്‍പോലും നിര്‍ബന്ധിക്കപ്പെട്ടു. സാമ്രാജ്യത്വത്തിന് തടയിടാന്‍ സോവിയറ്റ് യൂണിയനായി.

പല കാരണങ്ങളാലും ഇന്ന് സോവിയറ്റ് യൂണിയന്‍ ഇല്ല. സോഷ്യലിസത്തിന് കീഴിലുള്ള ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ വന്ന വളച്ചൊടിക്കലുകള്‍, സമ്പദ്വ്യവസ്ഥയെ കൈകാര്യംചെയ്യുന്നതില്‍ സമയോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വന്ന വീഴ്ച, വിപ്ളവധാര്‍മികതയുടെ നിലവാരത്തിലുണ്ടായ ചോര്‍ച്ച, ആശയതലത്തില്‍ സംഭവിച്ച വലിയ വ്യതിയാനം തുടങ്ങിയ ഘടകങ്ങളാണ് ഇതിന് വഴിയൊരുക്കിയതെന്ന് സിപിഐ എം വിലയിരുത്തിയിട്ടുണ്ട്.

സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് സാമ്രാജ്യത്വത്തിന് അനുകൂലസാഹചര്യമൊരുക്കി. നവലിബറല്‍ മൂലധനം സമ്പന്നരും ദരിദ്രരുമായുള്ള അന്തരം രൂക്ഷമാക്കി. ലോകത്തിലെ 71 ശതമാനം ജനങ്ങളുടെ പക്കല്‍ ആഗോളസമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണുള്ളത്. മറുഭാഗത്ത് 8.1 ശതമാനം ആളുകള്‍ 84.6 ശതമാനം സ്വത്ത് കൈയാളുന്നു. സമ്പന്നര്‍ അതിവേഗം സ്വത്ത് സമാഹരിക്കുന്നു.  തൊഴിലാളിവര്‍ഗത്തിനുമേല്‍ പതിക്കുന്ന വമ്പിച്ച ബാധ്യതകള്‍ വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. വര്‍ഗസമരങ്ങള്‍ ശക്തിപ്പെടുത്തുകയും സമൂഹത്തിന്റെ സോഷ്യലിസ്റ്റ് മാറ്റത്തിനായി പ്രവര്‍ത്തിക്കുകയുമാണ് ഒക്ടോബര്‍ വിപ്ളവത്തിന് നല്‍കാവുന്ന ശരിയായ അഭിവാദ്യം- ബേബി പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top