15 November Thursday

പാകിസ്ഥാനുള്ള ധനസഹായം റദ്ദാക്കുമെന്ന്‌ അമേരിക്ക; ഭീകരർക്കെതിരെ നടപടിയില്ല

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

വാഷിങ‌്ടൺ > ഭീകരര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാത്തതിനാല്‍ പാകിസ്ഥാനുള്ള 30 കോടി ഡോളര്‍ ധനസഹായം റദ്ദാക്കുമെന്ന് അമേരിക്ക. ഹക്കാനി ഭീകരശൃംഖല, ലഷ‌്‌കർ ഇ തായ്‌ബ എന്നിവയ്ക്കെതിരെ പ്രസിഡന്റ്  ‍ഡോണള്‍ഡ് ട്രംപിന്റെ തെക്കനേഷ്യ നയപ്രകാരം പാകിസ്ഥാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് അമേരിക്ക ചൂണ്ടിക്കാട്ടി.  അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മെക്ക‌് പോംപിയോ ബുധനാഴ‌്ച പാക്കിസ്ഥാൻ സന്ദർശിക്കാനിരിക്കെയാണ‌് നടപടി.

അഫ‌്ഗാനിസ്ഥാനിൽ നിരന്തര ആക്രമണം നടത്തുന്ന ഭീകരർക്ക‌് പാകിസ്ഥാൻ സുരക്ഷിത താവളം ഒരുക്കുന്നു. ലഷ‌്കർ ഇ ത്വയ‌്ബ, ഹക്കാനി തുടങ്ങിയ ഭീകരസംഘടനകൾ പാകിസ്ഥാൻ കേന്ദ്രീകരിച്ചാണ‌് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത‌്. ഇത്തരം സംഘടനകളുടെ പ്രവർത്തനം സജീവമായിട്ടും ഇവർക്കെതിരെ കടുത്ത നടപടിയെടുക്കാൻ പാക‌് സർക്കാർ തയ്യാറാകുന്നില്ലെന്നും അമേരിക്ക ചൂണ്ടിക്കാട്ടുന്നു. ഭീകരരെ അമർച്ച ചെയ്യാൻ പാകിസ്ഥാൻ കോടികൾ ധനസഹായമായി വാങ്ങിയെങ്കിലും തുടർ നടപടിയുണ്ടായില്ല. പാകിസ്ഥാനുവേണ്ടി വകയിരുത്തിയ 30 കോടി ഡോളര്‍ വകമാറ്റിചെലഴിക്കാന്‍ യുഎസ് കോണ്‍​ഗ്രസിന്റെ അനുമതി തേടിയിരിക്കുകയാണ്.

പാകിസ്ഥാന‌് നൽകാനിരുന്ന ധനസഹായം അടിയന്തര പരിഗണന അർഹിക്കുന്ന മറ്റു കാര്യങ്ങൾക്കായി മാറ്റിവയ‌്ക്കുമെന്ന‌് പെന്റഗൺ വക്താവ‌് കോൺ ഫോൾക‌്നർ വാർത്താഏജൻസികളോട‌് പറഞ്ഞു. സഖ്യകക്ഷി ഫണ്ട‌് എന്ന പേരിലാണ‌് പാകിസ്ഥാന‌് ധനസഹായം നൽകാൻ അമേരിക്ക തീരുമാനിച്ചിരുന്നത‌്. തീവ്രവാദ‐ഭീകരവാദ സംഘടനകളെ എതിർക്കുന്നത‌് അമേരിക്ക ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.ഭീകരർക്കെതിരെ കടുത്ത നടപടി വേണമെന്നും അത്തരം നീക്കമുണ്ടായാൽ സഹായം നൽകാമെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പാകിസ്ഥാന‌് ധനസഹായം നൽകാനുള്ള തീരുമാനത്തെ നേരത്തെ അമേരിക്കൻ കോൺഗ്രസ‌് ശക്തമായി എതിർത്തിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top