14 December Friday

മരണസംഖ്യ 844; ഇന്തോനേഷ്യ കേഴുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 2, 2018

ജക്കാർത്ത
ഇന്തോനേഷ്യയില്‍ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 844 ആയി. എന്നാൽ, മരണസംഖ്യ ആയിരം കടന്നെന്നാണ‌് അനൗദ്യോഗിക സ്ഥിരീകരണം. 700 പേർക്ക‌് പരിക്കുണ്ട‌്. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട‌്. രക്ഷാപ്രവർത്തനങ്ങൾക്ക‌് ഇന്തോനേഷ്യ അന്താരാഷ്ട്രസഹായം അഭ്യർഥിച്ചു. ഗതാഗതം പൂർണമായും തകർന്നതിനാൽ ഉൾപ്രദേശങ്ങളിൽ ഇപ്പോഴും രക്ഷാപ്രവർത്തകർക്ക‌് എത്തിച്ചേരാനായിട്ടില്ല. മൃതദേഹങ്ങൾ വൻതോതിൽ ഒന്നിച്ച‌് കുഴിവെട്ടി മൂടുകയാണ‌്. സുനാമി ആഞ്ഞടിച്ച പാലു പൂർണമായും തകർന്ന അവസ്ഥയാണ‌്. പാലിയിൽമാത്രം ആയിരത്തോളംപേരെ കണ്ടെത്താനുണ്ട‌്. ഭക്ഷണവും വെള്ളവും കിട്ടാത്ത ജനങ്ങൾ തകർന്ന കടകളിലും മറ്റും കയറി സാധനങ്ങൾ എടുക്കുകയാണ‌്. വിശപ്പടക്കാൻ ഇതല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലെന്ന‌് പ്രദേശവാസികൾ പറയുന്നു. രാജ്യത്തെ മൂന്ന‌് ജയിലുകളിൽനിന്ന‌് 1200 തടവുകാർ ഇതിനിടെ  രക്ഷപ്പെട്ടതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. ആറുവർഷമായി ആവശ്യമായ ഫണ്ടില്ലാത്തതിനാൽ സുനാമി മുന്നറിയിപ്പ‌് സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന‌് ദുരന്തനിവാരണസേന ഉദ്യോഗസ്ഥർ പറഞ്ഞു. കൃത്യമായ മുന്നറിയിപ്പ‌് നൽകാനായിരുന്നെങ്കിൽ മരണസംഖ്യ കുറയ‌്ക്കാനാകുമായിരുന്നെന്നും ഇവർ പറഞ്ഞു.
പകർച്ചവ്യാധി സാധ്യതയുള്ളതിനാൽ വൻസുരക്ഷാ ക്രമീകരണം  ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ‌് സർക്കാർ. മരുന്നുകളുടെ ദൗർലഭ്യം പല സുരക്ഷാ ക്യാമ്പുകളിലും തിരിച്ചടിയായി.
വെള്ളിയാഴ്ചയാണ് റിക്ടര്‍ സെക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടര്‍ന്ന് സുനാമിയും ഉണ്ടായത്. ഭൂകമ്പത്തില്‍ വീടുകള്‍ തകര്‍ന്നും മറ്റും നിരവധി പേര്‍ മരിച്ചിരുന്നു.


പ്രധാന വാർത്തകൾ
Top