16 November Friday

സൗദി സ്വകാര്യ മേഖല: രണ്ടുവര്‍ഷത്തിനിടെ തൊഴിൽ നഷ്‌ടപ്പെട്ടത‌് 8.10 ലക്ഷം പേർക്ക‌്

അനസ് യാസിന്‍Updated: Monday Jul 2, 2018

മനാമ > സൗദിയിൽ സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ രണ്ടു വർഷത്തിൽ 8,10,000 വിദേശികൾക്കാണ് സ്വകാര്യമേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടത്. രണ്ടുവർഷത്തിനിടെ 10 ശതമാനത്തിന്റെ കുറവാണിത്. 
ഈ വർഷം ആദ്യപാദ കണക്കുകൾ പ്രകാരം സ്വകാര്യമേഖലയിൽ 77.1 ലക്ഷം വിദേശികൾ ജോലിചെയ്യുന്നു. എന്നാൽ, 2016 ആദ്യപാദത്തിൽ വിദേശ തൊഴിലാളികൾ 85.2 ലക്ഷമായിരുന്നു. 15 മാസത്തിനിടെ മാത്രം സ്വകാര്യമേഖലയിലെ വിദേശതൊഴിലാളികളുടെ എണ്ണത്തിൽ 7.85 ലക്ഷത്തിന്റെ കുറവുണ്ടായി. പുതിയ വിസയിൽ എത്തിയവരുടെ എണ്ണംകൂടി കണക്കിലെടുത്താൽ വിദേശികളുടെ തൊഴിൽനഷ്ടം വളരെ കൂടുതലാണ്.

നിതാഖത്തും കൂടുതൽ തൊഴിൽമേഖലകൾ സ്വദേശിവൽക്കരിക്കുന്നതുമാണ് വിദേശികൾക്ക‌് വിനയാകുന്നത്. സ്വകാര്യമേഖലയിലെ കുറഞ്ഞ ശമ്പളംകാരണം ജോലി ഉപേക്ഷിക്കുന്നവരും ഏറെ. സൗദിയിലെ വിദേശ തൊഴിലാളികളിൽ 72.2 ശതമാനത്തിന്റെയും വേതനം 1,500 റിയാലോ (ഏതാണ്ട് 27,375 രൂപ) അതിൽ കുറവോ ആണെന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഈ വിഭാഗത്തിൽ 55.68 ലക്ഷം വിദേശികളാണ് സ്വകാര്യമേഖലയിൽ ജോലിചെയ്യുന്നത്.

വിദേശികളിൽ 49 ശതമാനം പേർ വേതനം കുറഞ്ഞ സേവനമേഖലയിലും 30 ശതമാനം പേർ നിർമാണമേഖലയിലും ജോലി ചെയ്യുന്നു. 2,48,951 വിദേശികൾക്ക‌് 10,000 റിയാലും അതിൽ കൂടുതലും വേതനം ലഭിക്കുന്നുണ്ട്. വിദേശജീവനക്കാരിൽ 3.2 ശതമാനം വരും ഇവർ. അതിനിടെ, കഴിഞ്ഞ എട്ടുമാസത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡുകളിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത‌് കഴിയുന്ന 12,79,920 വിദേശികൾ പിടിയിലായി. ഇവർക്ക് സഹായസൗകര്യങ്ങൾ ചെയ്തുകൊടുത്ത 2186 വിദേശികളും 417 സൗദികളും കസ്റ്റഡിയിലുണ്ട്. 3,30,459 നിയമലംഘകരെ നാടുകടത്തിയതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

പ്രധാന വാർത്തകൾ
Top