Top
16
Saturday, December 2017
About UsE-Paper

ഇറാനില്‍ ഭൂകമ്പം; നിരവധി പേര്‍ക്കു പരുക്ക്, വീടുകള്‍ തകര്‍ന്നു

Friday Dec 1, 2017
വെബ് ഡെസ്‌ക്‌

അങ്കാറ >  ഇറാനെ പിടിച്ചുകുലുക്കി റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം. ഒരു മാസം മുമ്പ് അഞ്ഞൂറിലേറെപ്പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനു പിന്നാലെയാണ് വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 6.32ന് ആദ്യ ഭൂകമ്പം.

പിന്നാലെ മുപ്പതോളം തുടര്‍ ചലനങ്ങളുമുണ്ടായി. കര്‍മന് 58 കി.മീ. വടക്കുകിഴക്കു മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വിഭാഗം അറിയിച്ചു. മേഖലയില്‍ 8.2 ലക്ഷത്തിലേറെയാണു ജനസംഖ്യയെന്നത് ഭൂകമ്പത്തിന്റെ ഭീതി വര്‍ധിപ്പിക്കുന്നു. ഭൌമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയായിരുന്നു ഭൂകമ്പം. ഇതിന്റെ പ്രകമ്പനം ഏറെ ദൂരേക്കു വരെ അനുഭവപ്പെട്ടു.

ഭൂകമ്പത്തില്‍ നാല്‍പതിലേറെ പേര്‍ക്കു പരുക്കേറ്റു. മരണമൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. എന്നാല്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്.  മണ്‍ചുമരുകളാല്‍ തീര്‍ത്ത വീടുകള്‍ ഒട്ടേറെയുള്ള കര്‍മന്‍ പ്രവിശ്യയിലെ ഗ്രാമത്തിലാണു ‘ഭൂകമ്പത്തിന്റെ നാശനഷ്ടത്തിലേറെയും. അതിനാല്‍ത്തന്നെ അപകടത്തില്‍പ്പെട്ടവരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്.

രക്ഷാപ്രവര്‍ത്തകരുടെയും സൈന്യത്തിന്റെയും വന്‍ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നു. പരിഭ്രാന്തരായ ജനങ്ങള്‍ ഗ്രാമങ്ങള്‍ വിട്ട് പലായനം ചെയ്തു. ഹജ്ദത്ത് ഗ്രാമത്തിലാണ് ഏറ്റവുമധികം നാശനഷ്ടം. പല ഗ്രാമങ്ങളിലും ജല, വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ലോകത്തില്‍ ഏറ്റവുമധികം ഭൂകമ്പസാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഇറാന്‍. 2003ല്‍ കര്‍മന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ 31,000ത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Related News

കൂടുതൽ വാർത്തകൾ »