13 November Tuesday

സൗദി അറേബ്യ എണ്ണയുല്‍പ്പാദനം വര്‍ധിപ്പിച്ചു

അനസ് യാസിന്‍Updated: Sunday Jul 1, 2018

മനാമ > സൗദി അറേബ്യ എണ്ണയുൽപ്പാദനം ഗണ്യമായി വർധിപ്പിച്ചു. പ്രതിദിനം 10.7 ദശലക്ഷം ബാരൽ എന്ന തോതിലാണ് ഇപ്പോഴത്തെ ഉൽപ്പാദനം. ജൂണിൽ പ്രതിദിന ഉൽപ്പാദനത്തിൽ ഏഴുലക്ഷം ബാരലിന്റെ വർധനയുണ്ട്. ഇറാനടക്കം ഒപെക്കിലെ മറ്റുരാജ്യങ്ങളിൽനിന്നുള്ള എണ്ണ ലഭ്യതയിലെ കുറവ് നികത്താനും ആഗോളവിപണിയിൽ വില കുതിച്ചുയരുന്നതു തടയാനും ലക്ഷ്യമിട്ടാണ് നടപടി.

യുഎസ് സമ്മർദത്തെ തുടർന്ന് ഇന്ത്യ ഇറാനിൽനിന്നുള്ള എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുന്ന പാശ്ചാത്തലത്തിൽ ഇതിന‌് പ്രാധാന്യമേറെയാണ്. ഇന്ത്യ സൗദി അറേബ്യയിൽനിന്ന് കൂടുതൽ ക്രൂഡോയിൽ വാങ്ങാൻ സാധ്യതയേറി. എണ്ണക്കമ്പനികളും പെട്രോളിയം മന്ത്രാലയവും ഇതിന്റെ സാധ്യതകൾ പരിശോധിക്കുകയാണെന്നാണ് വിവരം.  ഇറാനിൽനിന്നുള്ള ഉൽപ്പാദനം കുറയുകയും ലിബിയയിൽനിന്നുള്ള കയറ്റുമതി തടസ്സപ്പെടുകയും ചെയ്തിട്ടും ഒപെക് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതി ജൂണിൽ റെക്കോഡ് നിലയിൽ ഉയർന്നിരുന്നു.

അടുത്ത മാസം പ്രതിദിന ഉൽപ്പാദനം 1.1 കോടി ബാരലായി ഉയർത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. പ്രതിദിന ഉൽപ്പാദനത്തിൽ പത്തുലക്ഷം ബാരലിന്റെ വർധന ജൂലൈ മുതൽ വരുത്താൻ കഴിഞ്ഞ ശനിയാഴ്ച വിയന്നയിൽ ചേർന്ന ഒപെക്കിന്റെയും റഷ്യയുടെയും യോഗത്തിൽ ധാരണയായിരുന്നു. ആഗോളവിപണിയിൽ എണ്ണ വിലയിടിവുതടയാൻ ഉൽപ്പാദനം കുറയ്ക്കാൻ ഒപെക്കും സംഘടനയ‌്ക്ക് പുറത്തുള്ള ഉൽപ്പാദക രാജ്യങ്ങളും ഒരുവർഷംമുമ്പ് ധാരണയിലെത്തിയിരുന്നു. ഏതാനും മാസങ്ങളായി ശരാശരി 75 ഡോളറാണ് ബാരലിന് വില.

പ്രധാന വാർത്തകൾ
Top