19 November Monday

സൗദിയില്‍ സൈനികതലപ്പത്തും മന്ത്രിസഭയിലും അഴിച്ചുപണി

അനസ് യാസിന്‍Updated: Wednesday Feb 28, 2018


മനാമ > സൗദിയില്‍ സൈനികതലപ്പത്തും മന്ത്രിസഭയിലും വന്‍ അഴിച്ചുപണി. ചീഫ് ഓഫ് സ്റ്റാഫ്, കരസേനാ മേധാവി, വ്യോമ പ്രതിരോധ സേനാ കമാന്‍ഡര്‍ എന്നിവയില്‍ നിലവിലുള്ളവരെ നീക്കി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിറക്കി.

ജനറല്‍ ഫയാദ് അല്‍റുവൈലിയാണ് പുതിയ ചീഫ് ഓഫ് സ്റ്റാഫ്. നിലവിലെ ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ബുനയ്യാന്റെ സേവനം അവസാനിപ്പിച്ച് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവാക്കി. സാമൂഹ്യവികസന കാര്യങ്ങള്‍ക്കുള്ള ഡെപ്യൂട്ടി തൊഴില്‍മന്ത്രിയായി ഡോ. തമാദര്‍ ബിന്‍ യൂസുഫ് അല്‍റുമാഹിനെ നിയമിച്ച് മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തി.

വ്യോമ പ്രതിരോധസേനാ കമാന്‍ഡര്‍ ജനറല്‍ മുഹമ്മദ് സുഹൈമിന്റെ സേവനം അവസാനിപ്പിച്ചു. കരസേനാ മേധാവി ജനറല്‍ ഫഹദ് ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസിനെ പദവിയില്‍നിന്ന് നീക്കി സംയുക്ത സേനാ കമാന്‍ഡറാക്കി. സ്ട്രാറ്റജിക്കല്‍ മിസൈല്‍ ഫോഴ്സ് കമാന്‍ഡറായി ജനറല്‍ ജാറല്ല അല്‍ഉവൈലിതിനെ നിയമിച്ചു.
ജനറല്‍ ഫഹദ് ബിന്‍ അബ്ദുല്ല അല്‍മുതൈറാണ് പുതിയ കരസേനാ മേധാവി. വ്യോമ പ്രതിരോധസേനാ കമാന്‍ഡറായി ജനറല്‍ മസീദ് അല്‍അംറിനെയും വ്യോമസേനാ കമാന്‍ഡറായി ജനറല്‍ തുര്‍ക്കി ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസിനെയും നിയമിച്ചു. മേജര്‍ ജനറല്‍ മുത്ലഖ് അല്‍അസൈമിന് ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു.

പല ഉപമന്ത്രിമാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും സ്ഥാനചലനമുണ്ടായിട്ടുണ്ട്. ഡെപ്യൂട്ടി പ്രതിരോധമന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍സാലിമിനെ മാറ്റി ഡോ. ഖാലിദ് ബിന്‍ ഹുസൈന്‍ ബയാരിയെ നിയമിച്ചു. ആഭ്യന്തര സഹമന്ത്രിയായി ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്ല അല്‍മുശാരി രാജകുമാരന്‍ സ്ഥാനമേല്‍ക്കും. 

ഡെപ്യൂട്ടി നീതിന്യായ മന്ത്രിയായി ശൈഖ് സഅദ് അല്‍സൈഫിനെയും ഡെപ്യൂട്ടി സാമ്പത്തിക, ആസൂത്രണകാര്യമന്ത്രിയായി ഫൈസല്‍ അല്‍ഇബ്രാഹിമിനെയും നിയമിച്ചിട്ടുണ്ട്. സാമ്പത്തിക, ആസൂത്രണ സഹമന്ത്രിയായി ഖാലിദ് അല്‍ശുനൈഫിയെയും നിയമിച്ചു. അസീര്‍ ഡെപ്യൂട്ടി ഗവര്‍ണറായി തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരനെയും ഹായില്‍ ഡെപ്യൂട്ടി ഗവര്‍ണറായി ഫൈസല്‍ ബിന്‍ ഫഹദ് ബിന്‍ മുഖ്രിന്‍ രാജകുമാരനെയും നിയമിച്ചു. സുല്‍ത്താന്‍ ബിന്‍ അഹ്മദ് രാജകുമാരനും ഫൈസല്‍ ബിന്‍ തുര്‍ക്കി രാജകുമാരനും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാക്കളാകും.

പ്രധാന വാർത്തകൾ
Top