25 September Tuesday

പ്രവാസികള്‍ക്ക് ആശ്വാസം: സൗദിയില്‍ ഫ്‌ളാറ്റുകള്‍ പങ്കിടാം

അനസ് യാസിന്‍Updated: Friday Aug 3, 2018

മനാമ> വാടക കരാറില്‍ ഒരുമിച്ചു പേര്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രവാസി തൊഴിലാളികള്‍ക്ക് സൗദിയില്‍ ഫ്‌ളാറ്റുകള്‍ പങ്കിടാമെന്ന് അധികൃതര്‍. ഒരുമിച്ചു താമസിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കില്ലെന്നും എന്നാല്‍ വാടക കരാറില്‍ ഇവരുടെ പേരുകള്‍ രേഖപ്പെടുത്തിയിരിക്കണമെന്നും പാര്‍പ്പിട കാര്യ മന്ത്രാലയം അറിയിച്ചു. ഇതിനായി നാഷണല്‍ അഡ്രസ് സംവിധാനത്തെ വാടക സേവന ഇലക്‌ട്രോണിക് സംവിധാനമായ ഇജാര്‍ നെറ്റുവര്‍ക്കുമായി ബന്ധിപ്പിക്കും.

സൗദിയിലെ ലക്ഷകണക്കിന് പ്രവാസികളെ ആഹ്ലാദിപ്പിക്കുന്നതാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം അടുത്ത മാസം മുതല്‍ വര്‍ക് പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനും ഇജാറില്‍ രജിസ്റ്റര്‍ ചെയ്ത വാടക കരാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, മിക്കയിടത്തും ഒരേ ഫ്ളാറ്റില്‍ നിരവധി പേര്‍ ഒരുമിച്ച് താമസിക്കുകയാണ്. വര്‍ധിച്ച വൈദ്യുതി ബില്‍ കാരണം കുടുംബത്തെ നാട്ടിലയച്ച് ഫ്‌ളാറ്റ് ഷെയറിംഗ് സംവിധാനത്തിലേക്കു മാറുന്നവര്‍ നിരവധി. പുതിയ തീരുമാനം വിദേശ തൊഴിലാളികളെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍, ഫ്‌ളാറ്റില്‍ ഒരുമിച്ചു താമസിക്കുന്നവരുടെ പേരു വിവരങ്ങള്‍ കാരാറില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ഉടമകളുടെ ഉത്തരവദിത്വമാണ്.  കെട്ടിട തകരാറുകള്‍ പരിഹരിക്കാന്‍ കെട്ടിട ഉടമ വിസമ്മതിച്ചാല്‍ വാടകക്കാരന് നിയമ നടപടികള്‍ സ്വീകരിക്കാം. കെട്ടിട ഉടമകള്‍ക്കും താമസക്കാരനും അനുയോജ്യമായ രീതിയില്‍ വര്‍ഷത്തിലോ ആറു മാസം, മൂന്നു മാസം, മാസം തോറും എന്ന നിലയിലോ വാടക നല്‍കാം.

വാടകക്കാരനും കെട്ടിട ഉടമയും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പാര്‍പ്പിട കാര്യമന്ത്രാലയം നിയമാവലി ആവിഷ്‌കരിച്ചു. കെട്ടിട ഉടമകള്‍, വാടകക്കാര്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍, നിക്ഷേപകര്‍ എന്നിവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തി വാടക മേഖല സന്തുലിതമായി പരിഷ്‌കരിക്കാനാണ് പാര്‍പ്പിടകാര്യ മന്ത്രാലയം ഇജാര്‍ സിസ്റ്റം വികസിപ്പിച്ചത്. കരാര്‍ കാലയളവില്‍ തോന്നിയ പോലെ, വാടക നിരക്ക് ഉയര്‍ത്തുന്നത് തടഞ്ഞ് ഉപയോക്താവിനെ ചൂഷണത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നതും ഇജാര്‍ നെറ്റ്വര്‍ക്കിന്റെ ലക്ഷ്യമാണെന്ന് മന്ത്രാലയം വിശദീകരിച്ചു.

പ്രധാന വാർത്തകൾ
Top