10 December Monday

നേപ്പാളിൽ വിമാനം തകർന്ന് 50 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018


കാഠ്മണ്ഡു > ബംഗ്ലാദേശ് യാത്രാവിമാനം നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ കത്തിയമർന്ന് 50 പേർ മരിച്ചു. 67 യാത്രക്കാരും നാലു ജീവനക്കാരുമായെത്തിയ വിമാനം റൺവേയിൽനിന്ന് തെന്നിമാറി തൊട്ടടുത്ത ഫുട്ബോൾ മൈതാനത്ത് പതിച്ച് അഗ്നിഗോളമായിമാറി. 50 മൃതദേഹം പുറത്തെടുത്തു.  കാഠ്മണ്ഡു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭൂരിഭാഗം പേരുടേയും നില ഗുരുതരമാണ്. വിരലിൽ എണ്ണാവുന്നവർ നിസാര പരിക്കോടെ രക്ഷപ്പെട്ടു.

ധാക്കയിൽനിന്ന് പുറപ്പെട്ട യുഎസ്‐ ബംഗ്ലാ എയർലൈൻസ് വിമാനം തിങ്കളാഴ്ച പകൽ 2.20നാണ് കാഠ്മണ്ഡുവിൽ അസാധാരണ ലാൻഡിങ് നടത്തിയത്. ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ വിമാനം പൈലറ്റിന് നിയന്ത്രിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. തെക്കൻ ദിശയിൽനിന്ന് റൺവേയിലേക്ക് പ്രവേശിക്കാനുള്ള അനുമതിയാണ് വിമാനത്തിന് നൽകിയതെന്നും എന്നാൽ,എതിർദിശയിൽനിന്നാണ് വിമാനം റൺവേയിൽ പ്രവേശിച്ചതെന്നും നേപ്പാൾ വ്യോമയാന അതോറിറ്റി ഡയറക്ടർ  സജ്ജീവ് ഗൗതം പറഞ്ഞു. അസാധാരണമായ ലാൻഡിങ്ങിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സാങ്കേതികത്തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിമാനത്താവളത്തിന്റെ വേലിയിൽത്തട്ടി തീപടർന്ന വിമാനം  തൊട്ടടുത്ത മൈതാനത്തേക്ക് പതിക്കുകയായിരുന്നു. വിമാനത്തിൽനിന്ന് ഏതാനും യാത്രക്കാരെ സൈന്യവും രക്ഷാപ്രവർത്തകരും ജീവനോടെ രക്ഷപ്പെടുത്തി.  33 നേപ്പാളി സ്വദേശികളും 32 ബംഗ്ലാദേശികളും ചൈന, മാലദ്വീപ് സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി.

യുഎസ്‐ബംഗ്ലാദേശ് സംയുക്തസംരംഭ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്യു400 വിഭാഗത്തിൽപ്പെട്ട വിമാനത്തിന് 17 വർഷം പഴക്കമുണ്ട്. അപകടത്തെതുടർന്ന് ത്രിഭുവൻ വിമാനത്താവളം അടച്ചിട്ടു. 2016 ഫെബ്രുവരിയിൽ നേപ്പാളിലുണ്ടായ വിമാന അപകടത്തിൽ 23 പേർ മരിച്ചു.

 

പ്രധാന വാർത്തകൾ
Top