18 December Tuesday

നേപ്പാള്‍ തെരഞ്ഞെടുപ്പ്: കമ്യൂണിസ്റ്റ് സഖ്യം വന്‍ വിജയത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Dec 9, 2017

കാഠ്മണ്ഡു > നേപ്പാള്‍ പാര്‍ലമെന്ററി പ്രവിശ്യാ സീറ്റുകളിലേക്കു നടന്ന തെരഞ്ഞടുപ്പില്‍ കമ്യൂണിസ്റ്റ് സഖ്യം വന്‍ വിജയത്തിലേക്ക്. ആദ്യ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ മുഴുവന്‍ സീറ്റുകളിലേക്കും കമ്യൂണിസ്റ്റ് സഖ്യം വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.  275 അംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മിക്ക സീറ്റിലും വിജയിക്കുകയും ബാക്കിയുള്ള സീറ്റില്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിക്കൊണ്ട് മുന്നേറുകയും ചെയ്യുന്നുണ്ട്.

ഫെഡറല്‍ പാര്‍ലമെന്റില്‍ 34 സീറ്റുകളില്‍ വിജയിച്ച കമ്യൂണിസ്റ്റ് സഖ്യം 68 സീറ്റില്‍ മുന്നേറികൊണ്ടിരിക്കുകയാണ്. അതേസമയം പ്രവിശ്യകളില്‍ 48 സീറ്റുകള്‍ സഖ്യം ഇതിനോടകം വിജയിച്ചു കഴിഞ്ഞു. നേപ്പാളി കോണ്‍ഗ്രസിനെ പിന്തള്ളി ബാക്കിയുള്ള 42 സീറ്റുകളില്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി മുന്നേറുന്നുമുണ്ട്.   ഫെഡറല്‍ പാര്‍ലമെന്റില്‍ 11 സീറ്റിലും പ്രവിശ്യകളില്‍ 10 സീറ്റുകളിലും മാത്രമാണ് നേപ്പാളി കോണ്‍ഗ്രസ് മുന്നേറുന്നത്.

കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് - ലെനിനിസ്റ്റ്‌), കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍), നയാ ശക്തി നേപ്പാള്‍ എന്നീ പാര്‍ടികളാണ് കമ്യൂണിസ്റ്റ് സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ടത്.

അടിസ്ഥാന ആശയങ്ങളില്‍ യോജിപ്പുള്ള കക്ഷികള്‍ തമ്മിലുള്ള സഖ്യം സ്വാഭാവികമായും വര്‍ഷങ്ങളായി രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന നേപ്പാളിന് രാഷ്ട്രീയസ്ഥിരത നല്‍കുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വാദം ശരി വെക്കുന്നതാണ് പുറത്ത് വരുന്ന ഫലങ്ങള്‍. സാമൂഹ്യനീതി, നേപ്പാളി ദേശീയത എന്നീ കേന്ദ്ര മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടുണ്ട്.

സിപിഎന്നി (യുഎംഎല്‍)നും സിപിഎന്നി (എംസി)നും കരുത്തുള്ള സംഘടനാ സംവിധാനമുണ്ട്.  ഗ്രാമങ്ങളില്‍ ഇരുപാര്‍ടികള്‍ക്കും ശക്തമായ സ്വാധീനമാണുള്ളത്.  ഇതും യോജിച്ചുള്ള പ്രവര്‍ത്തനവും തെരഞ്ഞെടുപ്പ് ഫലത്തിന് ഗുണം ചെയ്തു.

രാജഭരണം അവസാനിപ്പിച്ച് 11 വര്‍ഷത്തിനകം പത്ത് സര്‍ക്കാരാണ് നേപ്പാളില്‍ അധികാരത്തില്‍ വന്നത്. നിലവിലെ കണക്കുകള്‍ അനുസരിച്ച് കമ്യൂണിസ്റ്റ് സഖ്യം ഭൂരിപക്ഷ സീറ്റുകള്‍ നേടും. അങ്ങനെ വരുമ്പോള്‍  നേപ്പാള്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, പാര്‍ലമെന്റ് സ്പീക്കര്‍ തുടങ്ങിയ പ്രമുഖ സ്ഥാനങ്ങളില്‍ കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വരും.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top