25 September Tuesday

പാക‌് പൊതുതെരഞ്ഞെടുപ്പ‌് മുഷ‌്റഫിന‌് മത്സരിക്കാനുള്ള അനുമതി സുപ്രീംകോടതി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Jun 15, 2018


ഇസ്ലാമാബാദ‌്

പാകിസ്ഥാനിൽ ജൂലൈ 25ന‌് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ പ്രസിഡന്റ‌് പർവേസ‌് മുഷ‌്റഫിന‌് ഉപാധികളോടെ നൽകിയ അനുമതി സുപ്രീംകോടതി പിൻവലിച്ചു. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന‌് ആജീവനാന്ത വിലക്ക‌് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ‌്ക്ക‌് വ്യാഴാഴ‌്ച പകൽ രണ്ടിനുള്ളിൽ മുഷ‌്റഫ‌് എത്തണമെന്ന‌് സുപ്രീംകോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

എന്നാൽ, ആരോഗ്യപ്രശ‌്നങ്ങൾ അലട്ടുന്നതിനാൽ ഉടൻ പാകിസ്ഥാനിലേക്ക‌് മടങ്ങാനാകില്ലെന്ന‌് മുഷ‌്റഫ‌് അറിയിച്ചു. ഇതോടെയാണ‌് പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേരത്തെ നൽകിയ താൽക്കാലിക അനുമതി സുപ്രീംകോടതി റദ്ദാക്കിയത‌്. വടക്കൻ ജില്ലയായ ചിത്രാലിൽനിന്നാണ‌് മുഷ‌്റഫ‌് മത്സരിക്കാനിരുന്നത‌്.തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന‌് പെഷവാർ ഹൈക്കോടതി 2013ൽ ഏർപ്പെടുത്തിയ വിലക്കിനെതിരെയാണ‌് മുഷ‌്റഫ‌് സുപ്രീംകോടതിയെ സമീപിച്ചത‌്. പാക‌് ചീഫ‌് ജസ‌്റ്റിസ‌് സാഖ്വിബ‌് നിസാർ നേതൃത്വം നൽകുന്ന മൂന്നംഗബെഞ്ചാണ‌് കേസ‌് പരിഗണിക്കുന്നത‌്.

പാകിസ്ഥാനിലേക്ക‌് ഉടൻ മടങ്ങാനാകില്ലെന്ന‌് മുഷ‌്റഫ‌് അറിയിച്ചത‌് ചീഫ‌് ജസ‌്റ്റിസിനെ പ്രകോപിപ്പിച്ചതായി പാക‌് മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു. കേസ‌് അനിശ‌്ചിതകാല അവധിക്ക‌് വച്ച  കോടതി  മുഷ‌്റഫ‌് നാട്ടിലെത്തുന്നമുറയ‌്ക്കേ കേസ‌് ഇനി പരിഗണിക്കൂ എന്ന‌് വ്യക്തമാക്കി. മുഷ‌്റഫിന്റെ പാസ‌്പോർട്ടും തിരിച്ചറിയൽ രേഖകളും റദ്ദാക്കിയ നടപടി പിൻവലിച്ച‌് അദ്ദേഹത്തിന‌് സുരക്ഷ ഉറപ്പാക്കണമെന്ന‌് കഴിഞ്ഞദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

പ്രധാന വാർത്തകൾ
Top