17 November Saturday

ട്രംപിനെതിരെ വൻപ്രതിഷേധം; ബ്രിട്ടനിലെ റാലികളിൽ ലക്ഷങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 15, 2018

ലണ്ടൻ > അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെ ബ്രിട്ടൻ സന്ദർശനത്തിൽ പ്രതിഷേധം തുടരുന്നു. ലക്ഷങ്ങളാണ‌്‌ ട്രംപിനെതിരെ നടത്തിയ മാർച്ചിൽ പങ്കെടുക്കുന്നത‌്. ശനിയാഴ‌്ച പകൽ ടേൺബറി ഗോൾഫ‌് റിസോർട്ടിലെത്തിയ ട്രംപിനെതിരെ പ്രതിഷേധപ്രകടനം നടന്നു. പ്രതിഷേധക്കാരെ തടയാൻ പൊലീസ‌് റിസോർട്ട‌് വളഞ്ഞു. 2014ൽ ട്രംപ‌് വാങ്ങിയ റിസോർട്ടാണിത‌്. എഡിൻബർഗിലും ലണ്ടനിലും ഗ്ലാസ‌്ഗോയിലുമായി ലക്ഷക്കണക്കിനുപേർ പ്രതിഷേധവുമായി അണിനിരന്നു. റിസോർട്ടിൽനിന്ന‌് പ്രതിഷേധക്കാർക്കുനേരെ ട്രംപ‌് കൈ വീശി കാണിച്ചു. ട്രംപിനെതിരെ പ്രതിഷേധിക്കുന്നവർ തങ്ങൾക്കുതന്നെ നാണക്കേടായി മാറിയെന്ന‌് ബ്രിട്ടന്റെ അന്താരാഷ‌്ട്ര വ്യാപാര സെക്രട്ടറി ലയാം ഫോക‌്സ‌് മാധ്യമങ്ങളോട‌് പറഞ്ഞു.

തനിക്കെതിരെയുള്ള ജനരോഷത്തിൽ ബ്രിട്ടീഷ‌് പ്രധാനമന്ത്രി തെരേസ മെയ‌്‌യോട‌് ട്രംപ‌് ക്ഷമ ചോദിച്ചു. കള്ളപ്രചാരണങ്ങളാണ‌് പ്രതിഷേധത്തിന‌് കാരണമെന്നായിരുന്നു ന്യായീകരണം. മാർച്ചിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതോടെ അമേരിക്കയുമായി ഉഭയകക്ഷി വ്യാപാര കരാറിൽ ഏർപ്പെടാമെന്നും വാക്കുകൊടുത്തു.  വിൻഡ‌്സർ കാസിലിൽ എലിസബത്ത‌് രാജ്ഞിയുമായി കൂടിക്കാഴ‌്ച നടത്തിയ ശേഷമാണ‌് റിസോർട്ടിലേക്ക‌് പോയത‌്. ട്രംപിന്റെ രൂപത്തിൽ ആറ‌് മീറ്റർ ഉയരമുള്ള 'ട്രംപ‌് ബേബി' ബലൂണുമായാണ‌് വെള്ളിയാഴ‌്ച പ്രതിഷേധക്കാർ അണിനിരന്നത‌്. പിന്നീട‌് ഇത‌് വായുവിൽ ഉയർത്തിവിട്ടു.

29000 പൗണ്ടാണ‌് ബലൂണിനായി പ്രതിഷേധക്കാർ സ്വരൂപിച്ചത‌്. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യാവകാശ സംഘടനകളും യുവ സോഷ്യലിസ്റ്റുകളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളായ കുടിയേറ്റക്കാരെ രക്ഷിതാക്കളിൽനിന്ന‌് പിടിച്ചെടുക്കൽ, സ‌്റ്റീൽ‐അലുമിനിയം കയറ്റുമതിക്ക‌് ഇയുവിനുമേൽ അധിക ചുങ്കം ചുമത്തൽ തുടങ്ങി ട്രംപിന്റെ നടപടികൾക്കെതിരെ ബ്രിട്ടൻ മുമ്പും പ്രതിഷേധമറിയിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top