22 September Saturday

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമം: റഷ്യൻ സംഘടനയെ ഫെയ്സ് ബുക്കിൽനിന്ന് വിലക്കി

വെബ് ഡെസ്‌ക്‌Updated: Friday Apr 6, 2018


കാലിഫോർണിയ > തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി റഷ്യൻ സംഘടനയായ ഇന്റർനെറ്റ് റിസർച്ച് ഏജൻസിയുടെ നിയന്ത്രണത്തിലുള്ള പേജുകൾ ഫെയ്സ്ബുക്കിൽനിന്ന് നീക്കംചെയ്തതായി ഫെയ്സ്ബുക്ക് സിഇഒ മാർക് സുക്കർബർഗ്. ഇവരുടെ 270 പേജും അക്കൗണ്ടുകളും നീക്കംചെയ്യും. ഈ ഏജൻസി അമേരിക്കയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും റഷ്യയിലെയും തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

റഷ്യൻ സംഘടനയുടെ സംശയാസ്പദമായ പ്രവർത്തനം 2016ൽതന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ഇതിനുശേഷം ഫെയ്സ്ബുക്ക് ഇത്തരം പ്രവർത്തനം തടയാനുള്ള നിരീക്ഷണ സംവിധാനം വികസിപ്പിച്ചതായും സുക്കർബർഗ് അവകാശപ്പെടുന്നു. 2017ൽ ഫ്രാൻസിലും ജർമനിയിലും അമേരിക്കയിലെ അലബാമയിലും നടന്ന തെരഞ്ഞെടുപ്പുകളെത്തുടർന്ന് ഇത്തരത്തിലുള്ള ആയിരക്കണക്കിന് വ്യാജ അക്കൗണ്ട് നീക്കംചെയ്ത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമം ഇല്ലാതാക്കാൻ കഴിഞ്ഞെന്നാണ് വാദം. ഐസിസ്, അൽ ഖായ്ദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലും സ്വയ നീക്കംചെയ്യാനുള്ള അൽഗോരിതം ഫെയ്സ്ബുക്കിനുണ്ടെന്നും പറയുന്നു.

സുരക്ഷാവിഭാഗത്തിലേക്ക് കൂടുതൽ ആളുകളെ നിയമിക്കുമെന്നും സുക്കർബർഗ് അറിയിച്ചു. നിലവിൽ 15,000 ജീവനക്കാരാണ് ഈ വിഭാഗത്തിൽ. ഈവർഷം അവസാനത്തോടെ ഇത് 20,000 ആക്കും. എന്നാൽ, ഉപഭോക്താക്കളുടെ വിവരങ്ങൾ ഫെയ്സ്ബുക്കുതന്നെ ചോർത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളാണ് സുക്കർബർഗിന്റെ പോസ്റ്റിനുകീഴിൽ വന്നുകൊണ്ടിരിക്കുന്നത്.

ഉപഭോക്താക്കളുടെ വിവരങ്ങൾ പരസ്യദാതാക്കൾക്ക് വിറ്റെന്ന് ആരോപിച്ചുള്ള കമന്റുകളിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ പരസ്യദാതാക്കൾ നൽകാറില്ലെന്നും പണംവാങ്ങി പരസ്യം നൽകുകമാത്രമാണ് ഫെയ്സ്ബുക്ക് ചെയ്യുന്നതെന്നുമുള്ള മറുപടി ആവർത്തിക്കുകയാണ് സുക്കർബർഗ്.ലോകമെങ്ങും അമേരിക്ക നടത്തുന്ന ഇടപെടലുകൾ തടയാൻ ഫെയ്സ്ബുക്ക് ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും കമന്റുകളിൽ കാണാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top