19 September Wednesday

ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

ബേണ്‍ > യുഎൻ മുൻ സെക്രട്ടറി ജനറലും നൊബേൽ പുരസ‌്കാരജേതാവുമായ കോഫി അന്നൻ അന്തരിച്ചു. സ്വിറ്റ‌്സർലൻഡ‌് ബേണിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യമെന്ന‌് കുടുംബാംഗങ്ങളും കോഫി അന്നൻ ഫൗണ്ടേഷനും വാർത്താകുറിപ്പിൽ അറിയിച്ചു. മരണസമയത്ത‌് ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നതായി സിഎൻഎൻ റിപ്പോർട്ട‌് ചെയ‌്തു.

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വംശജനാണ‌് കോഫി അന്നൻ. 1997മുതൽ 2006വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു.  2001ൽ ഏഴാം സെക്രട്ടറി ജനറലായിരിക്കെയാണ‌് കോഫി അന്നനും ഐക്യരാഷ്ട്രസഭയും സമാധാനത്തിനുള്ള നൊബേൽ പുരസ‌്കാരത്തിന‌് അർഹമായത‌്. സിറിയയിൽ യുഎൻ പ്രത്യേക പ്രതിനിധിയായിരിക്കെ ഇവിടത്തെ സംഘർഷാവസ്ഥ രമ്യമായി പരിഹരിക്കാൻ തീവ്രശ്രമം നടത്തി. രോഹിൻഗ്യൻ പ്രതിസന്ധിയെക്കുറിച്ച‌് യുഎൻ കമീഷൻ നിയോഗിച്ച സമിതിയുടെ തലവനായും പ്രവർത്തിച്ചു. ആഫ്രിക്കയിൽ ഹരിതവിപ്ലവത്തിന‌് മുൻകൈയെടുത്ത അന്നൻ ലോകരാഷ്ട്രങ്ങൾക്കിടയിൽ സമാധാനം നിലനിർത്താൻ സുപ്രധാന പങ്ക‌് വഹിച്ചു.

1938 ഏപ്രിൽ എട്ടിന‌് ഘാനയിലെ കുമാസിയിൽ ജനിച്ച അന്നൻ 1962ൽ ലോകാരോഗ്യ സംഘനടയുടെ ജനീവ ഓഫീസിൽ ബഡ‌്ജറ്റ‌് ഒാഫീസറായി പ്രവർത്തിച്ചാണ‌് ഐക്യരാഷ്ട്രസഭയുടെ ഭാഗമായത‌്. ആഫ്രിക്കയിൽ എയ‌്ഡ‌്സിനെതിരായ പോരാട്ടങ്ങൾക്കും ബോധവൽക്കരണ ക്യാമ്പയിനുകൾക്കും ചുക്കാൻ പിടിച്ചു. വികസ്വര രാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കാനും എയ‌്ഡ‌്സിനെതിരായ പ്രവർത്തനങ്ങൾക്കുവേണ്ടിയും ഗ്ലോബൽ എയ‌്ഡ‌്സ‌് ആൻഡ‌് ഹെൽത്ത‌് ഫണ്ടിന‌് രൂപം കൊടുത്തു. യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്ന‌് വിരമിച്ചശേഷം കോഫി അന്നൻ ഫൗണ്ടേഷൻ സ്ഥാപിച്ചു. പിന്നീട‌് ഇതിന്റെ ചെയർമാനായും നെൽസൺ മണ്ടേല സ്ഥാപിച്ച ‘ദ എൽഡേഴ‌്സ‌്’ എന്ന രാജ്യാന്തര സന്നദ്ധസംഘടനയുടെ ചെയർമാനായും പ്രവർത്തിച്ചു. നാനെ മരിയ ലാഗെർഗ്രെനാണ‌് ഭാര്യ. കോജോ, അമ, നിന എന്നിവർ മക്കൾ.  യുഎന്നിനെ കൂടുതൽ മികവിലേക്ക‌് നയിച്ച വ്യക്തിയാണ‌് കോഫി അന്നനെന്ന‌് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ‌് അനുസ‌്മരിച്ചു.

പ്രധാന വാർത്തകൾ
Top