Top
24
Wednesday, May 2017
About UsE-Paper

അസാന്‍ജിന് എതിരായ പീഡനക്കേസ് പിന്‍വലിക്കും; എംബസിയില്‍നിന്ന് പുറത്തിറങ്ങാം

Friday May 19, 2017
വെബ് ഡെസ്‌ക്‌

സ്റ്റോക്ക്ഹോം > വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരായ പീഡനക്കേസ് പിന്‍വലിക്കാന്‍ സ്വീഡന്‍ തീരുമാനിച്ചു. ഏഴ് വര്‍ഷത്തെ അന്വേഷണത്തിനുശേഷമാണ് കേസ് അവസാനിപ്പിക്കുന്നത്.

ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടു രണ്ടു കുറ്റങ്ങളാണ് അസാന്‍ജിനെതിരെ സ്വീഡനില്‍ റജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ ഭാഗമായി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വീഡന്റെ പബ്ളിക് പ്രോസിക്യൂഷര്‍ ഡയറക്ടര്‍ മരിയാനെ നൈ സ്റ്റോക്കോം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

ലണ്ടന്‍ വിട്ടുപോകാനാണ് ശ്രമമെന്ന് വിക്കിലീക്സ് വൃത്തങ്ങള്‍ അറിയിച്ചെങ്കിലും അസാന്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള മറ്റ് വകുപ്പുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ലണ്ടന്‍ പൊലീസ് പറയുന്നു.

പ്രഭാഷണം നടത്താനായി സ്റ്റോക്ക്ഹോമിലെത്തിയ വേളയില്‍ തങ്ങളെ ലൈംഗികമായി അസാന്‍ജ് പീഡിപ്പിച്ചതായി, മുന്‍ വിക്കിലീക്സ് വോളിയര്‍മാരായ രണ്ടു സ്ത്രീകള്‍ 2010 ല്‍ ആരോപിക്കുകയായിരുന്നു. അറസ്റ്റ് ചെയ്തു സ്വീഡനിലെത്തിച്ചാല്‍ അസാന്‍ജിനെ യുഎസിലേക്കു നാടുകടത്താന്‍ സാധ്യതയുണ്ടായിരുന്നു. ലണ്ടനില്‍ അറസ്റ്റിലായി ജാമ്യം നേടിയെങ്കിലും പിന്നീട് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു.

അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുഎസ് നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങളുടെ രഹസ്യ നയതന്ത്രകേബില്‍ സന്ദേശങ്ങള്‍ ചോര്‍ത്തി അസാന്‍ജ് പുറത്തുവിട്ടിരുന്നു. ഇതോടെ അമേരിക്കയുടെ നോട്ടപ്പുള്ളിയായി അസാന്‍ജ് മാറി.

കേസ് പിന്‍വലിക്കുകയാണെന്ന വാര്‍ത്തയെ തന്റെ ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടാണ് അസാൻജ് സ്വീകരിച്ചത്.