17 December Monday

ഖഷോഗി വധം: സിഐഎ റിപ്പോർട്ട‌് നാളെ പുറത്തുവിടുമെന്ന‌് ട്രംപ‌്

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018


വാഷിങ‌്ടൺ
മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട‌് അമേരിക്കൻ ചാരസംഘടനയായ സിഐഎ തയ്യാറാക്കിയ റിപ്പോർട്ട‌് ചൊവ്വാഴ‌്ച പുറത്തുവിടുമെന്ന‌് പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. സിഐഎ തലവനുമായി കൂടിക്കാഴ‌്ച നടത്തിയ ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.

സൗദി രാജകുമാരൻ മുഹമ്മദ‌് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ‌് ഖഷോഗിയെ കൊലപ്പെടുത്തിയതെന്ന‌് സിഐഎ കണ്ടെത്തിയതായി കഴിഞ്ഞദിവസം വാഷിങ‌്ടൺ പോസ്റ്റും അസോസിയേറ്റഡ‌് പ്രസും റിപ്പോർട്ട‌് ചെയ‌്തിരുന്നു.

ഖഷോഗിയുടെ കൊലപാതകം അത്യന്തം ഹീനമാണെന്നും ഇതുപോലുള്ള കാര്യങ്ങൾ ഇനിയുണ്ടാകാൻ പാടില്ലെന്നും ട്രംപ‌് മാധ്യമപ്രവർത്തകരോട‌് പറഞ്ഞു. അതീവ ഗൗരവത്തോടെയാണ‌് സിഐഎ അന്വേഷണം പൂർത്തിയാക്കിയതെന്നും ട്രംപ‌് അവകാശപ്പെട്ടു. സൽമാൻ രാജകുമാരന‌് കൊലപാതകത്തിൽ പങ്കുണ്ടെന്ന‌് സിഐഎ കണ്ടെത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട‌് പ്രതികരിക്കാൻ ട്രംപ‌് തയ്യാറായില്ല.

കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ‌് സിഐഎ റിപ്പോർട്ട‌് തയ്യാറാക്കിയതെന്നും ട്രംപ‌് പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ രണ്ടിന‌് ഇസ‌്താംബുളിലെ സൗദി കോൺസുലേറ്റിലാണ‌് ഖഷോഗി കൊല്ലപ്പെട്ടത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top