20 November Tuesday

ഇസ്രയേൽ ജൂതരാഷ‌്ട്ര നിയമം പാസാക്കി

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

ജറുസലേം > രാജ്യത്തെ ജൂതജനതയുടെ രാഷ‌്ട്രമായി പ്രഖ്യാപിക്കുന്ന നിയമം ഇസ്രയേലി പാർലമെന്റ‌് പാസാക്കി. ജൂതസമൂഹം സ്ഥാപിക്കുന്നത‌് ദേശീയ താൽപ്പര്യത്തിലാണെന്നു വ്യക്തമാക്കുന്ന ബിൽ 55നെതിരെ 62 വോട്ടുകൾക്കാണ‌് ബിൽ പാസായത‌്. ഹീബ്രുവിനെ ദേശീയഭാഷയായും പ്രഖ്യാപിക്കുന്ന ബിൽ അറബിയെ ഔദ്യോഗികഭാഷകളുടെ പട്ടികയിൽനിന്ന‌് തരംതാഴ‌്ത്തുകയുംചെയ‌്തു. 

ജൂതജനതയുടെ ചരിത്രപരമായ മാതൃഭമിയാണ‌് ഇസ്രയേലെന്നും ദേശീയ സ്വയം നിർണയാവകാശത്തിന‌് ജൂതർക്ക‌് അവകാശമുണ്ടെന്നും ബില്ലിൽ വ്യക്തമാക്കുന്നു. അവിഭക്ത ജറുസലേമാണ‌് ഇസ്രയേലിന്റെ തലസ്ഥാനമെന്നും ബില്ലിൽ പറയുന്നു. സയണിസത്തിന്റെയും ഇസ്രയേലിന്റെയും ചരിത്രത്തിലെ നിർവചനീയ നിമിഷമാണിതെന്ന‌് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പാർലമെന്റിന്റെ ഉപരിസഭയായ നെസറ്റിൽ പറഞ്ഞു.

അതേസമയം,  ഇസ്രയേലിലെ 18 ലക്ഷത്തോളം പലസ‌്തീൻ പൗരന്മാരെ പാർശ്വവൽക്കരിക്കുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധവും വിമർശനവുമുയർന്നു. ഞെട്ടലോടെയും ദുഃഖത്തോടെയും ജനാധിപത്യത്തിന്റെ മരണം പ്രഖ്യാപിക്കുന്നുവെന്നാണ‌് പാർലമെന്റംഗമായ അഹ‌്മദ‌് തിബി പ്രതികരിച്ചത‌്. വിദ്വേഷനയങ്ങളിലൂടെ വംശീയമേധാവിത്തം ശക്തിപ്പെടുത്താനുള്ള നീക്കമാണെന്ന‌് അറബ‌് ന്യൂനപക്ഷത്തിന്റെ നിയമസഹായസംഘടനയായ അദലായുടെ ജനറൽ ഡയറക്ടർ ഹസ്സൻ ജബരീൻ പറഞ്ഞു.

ജൂതന്മാരുടെ അപ്രമാതിത്തം അടിച്ചേൽപ്പിക്കുന്ന നിയമം പലസ‌്തീൻകാരെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുന്നതാണെന്ന‌് അറബ‌് പാർടികളുടെ സംയുക്തവേദിയായ അറബ‌് ജോയിന്റ‌് ലിസ‌്റ്റിന്റെ മേധാവി അയ‌്മൻ ഓദെ പറഞ്ഞു. ഇസ്രയേലിനെ വർണവിവേചന രാജ്യമാക്കിമാറ്റാനാണ‌് തീവ്രവലതുപക്ഷ സർക്കാർ വംശീയനിയമനിർമാണം നടത്തുന്നതെന്ന‌് പലസ‌്തീൻകാരനായ ഡോ. ബസ്സാം ബിഷാര പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top