13 November Tuesday

പലസ്തീന്‍ പ്രതിഷേധം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 26, 2017

ജറുസലേം > പലസ്തീന്‍ ജനതയ്ക്ക് പ്രാര്‍ഥനാവിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ പള്ളിക്കുമുന്നില്‍ സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രയേല്‍ എടുത്തുമാറ്റി. എന്നാല്‍, പള്ളിക്കുള്ളിലും പുറത്തും സ്ഥാപിച്ച അത്യന്താധുനിക ചാരനിരീക്ഷണക്യാമറകള്‍ മാറ്റില്ല. കവാടങ്ങള്‍ക്കു മുന്നില്‍ ഇരുമ്പുദണ്ഡുകളില്‍ പുത്തന്‍ ചാരക്യാമറകള്‍ സ്ഥാപിക്കുകയും സായുധപൊലീസ് സാന്നിധ്യം ശക്തമാക്കുകയും ചെയ്യും.

മെറ്റല്‍ ഡിറ്റക്ടറുകള്‍ എടുത്തുമാറ്റി പ്രതിഷേധം തണുപ്പിക്കാനുള്ള ഇസ്രയേല്‍ തന്ത്രം കിഴക്കന്‍ ജറുസലേമിലെ പലസ്തീന്‍ ജനത തള്ളി. നൂറുകണക്കിന് പലസ്തീന്‍ പൌരന്മാര്‍ പള്ളിക്കുപുറത്ത് തടിച്ചുകൂടി മുദ്രാവാക്യമുയര്‍ത്തി. നിരവധി ഭാഗങ്ങളില്‍ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തു. കണ്ണീര്‍വാതകവും ശബ്ദബോംബുകളും പ്രയോഗിച്ചു. ചൊവ്വാഴ്ച അഞ്ചുകുട്ടികളടക്കം 24 പലസ്തീന്‍കാര്‍ ഇസ്രയേലിന്റെ കസ്റ്റഡിയിലായി. പലസ്തീന്‍ മേഖലയിലെമ്പാടും വീടുകളില്‍ തെരച്ചില്‍ തുടരുകയാണ്.
മെറ്റല്‍ ഡിറ്റക്ടറുകള്‍ എടുത്തുമാറ്റി പകരം അത്യന്താധുനിക നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഇസ്രയേല്‍ സുരക്ഷാക്യാബിനറ്റ് തീരുമാനിച്ചു. ആറുമാസത്തിനുള്ളില്‍ പുത്തന്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താന്‍ 2.8 കോടി ഡോളര്‍ അനുവദിച്ചു. അതുവരെ മേഖലയില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കാനാണ് നീക്കം.

എന്നാല്‍, പ്രാര്‍ഥനാലയത്തിലെ ചാരക്യാമറകള്‍ നീക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് അല്‍ അഖ്സ പള്ളിയുടെ പരിപാലന ചുമതലയുള്ള ജോര്‍ദാന്‍ പണ്ഡിതസഭ അറിയിച്ചു. പള്ളിയില്‍ കയറാതെ ദൈനംദിന പ്രാര്‍ഥനകള്‍ തെരുവില്‍ നിര്‍വഹിച്ചുകൊണ്ടുള്ള പ്രതിഷേധം തുടരാനും നിര്‍ദേശിച്ചു. ലോകമെങ്ങുമുള്ള മുസ്ളിങ്ങള്‍ കിഴക്കന്‍ ജറുസലേമിലേക്ക് എത്താനും അല്‍ അഖ്സയിലെ പ്രതിഷേധത്തില്‍ അണിചേരാനും തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിപ് എര്‍ദോഗന്‍ ആഹ്വാനംചെയ്തു. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും ചര്‍ച്ച നടത്തി.

വെള്ളിയാഴ്ചയ്ക്കു മുമ്പ് പ്രശ്നം പരിഹരിക്കണമെന്ന് യുഎന്‍ രക്ഷാസമിതിയോഗം നിര്‍ദേശിച്ചു. പ്രശ്നപരിഹാരത്തിനായി അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥരും ഇസ്രയേലില്‍ എത്തി. അല്‍ അഖ്സയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഇസ്രയേലും ജോര്‍ദാനും തമ്മിലുള്ള നയതന്ത്രബന്ധവും വഷളായിരിക്കുകയാണ്.

പ്രധാന വാർത്തകൾ
Top