Top
24
Wednesday, January 2018
About UsE-Paper

ജറുസലേം : പുതിയ ബില്ലുമായി ഇസ്രയേല്‍

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌

ജറുസലേം > ജറുസലേം നഗരത്തിന്റെ വിഭജനം സംബന്ധിച്ച് ഇസ്രയേല്‍ സര്‍ക്കാര്‍ പുതിയ ബില്‍ പാസാക്കി. ബില്‍ നിയമമാകുന്നതിന് ഇസ്രയേല്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് വോട്ട് വേണ്ടിവരും. പലസ്തീന്‍ അതോറിറ്റി ആവശ്യപ്പെടുന്ന ജറുസലേം നഗരത്തിന്റെ ഭാഗങ്ങള്‍ നല്‍കാതിരിക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്ന് കരുതുന്നു. നഗരത്തിന്റെ കിഴക്കുഭാഗം പലസ്തീന്റെ തലസ്ഥാനമായി വിട്ടുതരണമെന്നാണ് പലസ്തീന്‍ അതോറിറ്റിയുടെ ആവശ്യം. ഇസ്രയേല്‍ പാര്‍ലമെന്റിലെ 64 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. 52പേര്‍ എതിര്‍ത്തു.

ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ ബില്‍ ഇല്ലാതാക്കുമെന്ന് പലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറല്‍ സയീബ് ഏര്‍കത് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജറുസലേം തലസ്ഥാന പ്രഖ്യാപനത്തിന്റെ പരിണതഫലമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജറുസലേം നഗരസഭാ പരിധിയിലുള്ള പലസ്തീന്‍ പ്രദേശങ്ങളായ കുഫര്‍ അഖാബ്, ഷ്വാഫത്ത് അഭയാര്‍ഥി ക്യാമ്പ് തുടങ്ങിയവയെ പുതിയ ബില്‍ ബാധിക്കും. ഇവിടങ്ങളിലുള്ളവര്‍ ഒഴിഞ്ഞുപോകേണ്ടിവരും. ജറുസലേമില്‍ താമസിക്കുന്ന പലസ്തീന്‍കാരില്‍ മിക്കവര്‍ക്കും സ്ഥിരതാമസത്തിനുള്ള ലൈസന്‍സ് ഉണ്ട്. ഇത് റദ്ദാക്കി ഇവരെ പുറത്താക്കാന്‍ പുതിയ ബില്‍ കാരണമാകും. 1967ല്‍ ജറുസലേം നഗരം കൈയടക്കിയ ശേഷം ഇസ്രയേല്‍ 15000 പലസ്തീന്‍കാരുടെ പെര്‍മിറ്റ് റദ്ദാക്കി.