16 November Friday

ഇസ്രയേലി ആക്രമണത്തിൽ 10 പലസ്തീൻകാർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Mar 31, 2018

ഗാസ സിറ്റി > ഗാസ അതിർത്തിയിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധമാർച്ചിനു നേരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ പത്ത്‌ പലസ്തീൻകാർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ പതിനാറുകാരനും ഉൾപ്പെടുമെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പലസ്തീൻ‐ഇസ്രയേൽ അതിർത്തിയിൽ ആറാഴ്ച നീളുന്ന സമരപരിപാടികൾക്ക് തുടക്കം കുറിച്ച് ഹമാസിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിനുനേരെയാണ് ഇസ്രയേൽ സൈന്യം വെടിയുതിർത്തത്. അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റു.

അഹമ്മദ് ഓഡ (16)യടക്കം അഞ്ചുപേർ ഇസ്രയേൽ സൈന്യത്തിന്റെ വെടിവയ്പിലാണ് കൊല്ലപ്പെട്ടത്. പ്രതിഷേധ മാർച്ച് തുടങ്ങുന്നതിനു മുമ്പ് ഇസ്രയേൽ നടത്തിയ ഷെൽ ആക്രമണത്തിൽ പലസ്തീനിലെ യുവ കർഷകൻ കൊല്ലപ്പെട്ടു. ഒരു യുവാവിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഒമർ സമോർ (27) എന്ന കർഷകനാണ് കൊല്ലപ്പെട്ടത്. അതിർത്തിയിലെ സുരക്ഷാവേലിക്കു സമീപം ദുരൂഹ സാഹചര്യത്തിൽ രണ്ടുപേരെ കണ്ടതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം.

ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഏതാനും മാസങ്ങൾക്കിടെ ഇസ്രയേൽ നടത്തുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് വെള്ളിയാഴ്ചയുണ്ടായതെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അധികൃതർ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top