21 April Saturday

ഇറാന്‍ നിയമവ്യവസ്ഥയ്ക്കുമേല്‍ അമേരിക്കന്‍ ഉപരോധം

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

തെഹ്റാന്‍ > ഇറാനുമായുള്ള ആണവകരാറില്‍നിന്ന് തല്‍ക്കാലം പിന്‍വാങ്ങുന്നില്ലെന്ന് അറിയിച്ച അമേരിക്ക രാജ്യത്തിനുമേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തി. ആണവ ഉപരോധം ഏര്‍പ്പെടുത്തുന്നില്ലെന്ന് അറിയിച്ചതിനു പിന്നാലെ ഭീകരവാദം, മനുഷ്യാവകാശം, ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് അറിയിച്ചു. ഇറാന്‍ ചീഫ് ജസ്റ്റിസ് സാദെഖ് അമോലി ലാരിജിനിക്കെതിരെയാണ് അമേരിക്കയുടെ നടപടി. ഇറാനിലെ ജയിലില്‍ കഴിയുന്നവര്‍ക്കെതിരെ ലാരിജിനിയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നതായാണ് അമേരിക്കയുടെ ആരോപണം. ലാരിജിനിയടക്കം 14 പേര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനാണ് തീരുമാനം.

ഇറാനുമേല്‍ തല്‍ക്കാലം ആണവ ഉപരോധം ഏര്‍പ്പെടുത്തുന്നില്ലെന്നും ആണവകരാറിലെ തെറ്റു പരിഹരിക്കാന്‍ ഒരു അവസാന അവസരം നല്‍കുന്നുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി വൈറ്റ്ഹൌസ് വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തില്‍ സ്ഥിരമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ സഹകരണം തേടുകയാണ് അരേമിക്ക. നിലവിലെ കരാര്‍ പ്രകാരം നിയന്ത്രണം 2025 വരെ മാത്രമാണുള്ളത്.

നീതിന്യായ സംവിധാനത്തിനുമേലുള്ള അമേരിക്കയുടെ വെല്ലുവിളി അംഗീകരിക്കാനാകില്ലെന്ന് ഇറാന്‍ അറിയിച്ചു. നിയമസംവിധാനത്തിലടക്കം ഏര്‍പ്പെടുത്തിയ ഉപരോധത്തിലൂടെ അമേരിക്ക അതിര്‍വരമ്പുകള്‍ ലംഘിച്ചതായും തിരിച്ചടിക്കുമെന്നും ഇറാന്‍ വിദേശമന്ത്രാലയം പ്രതികരിച്ചു. ആണവകരാറില്‍ അമേരിക്ക ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇറാന്‍ വിദേശമന്ത്രി ജാവേദ് ഷെരീഫ് ട്വിറ്ററില്‍ പ്രതികരിച്ചു. കരാര്‍ ശക്തിപ്പെടുത്താന്‍ 120 ദിവസം അനുവദിക്കുന്നതായാണ് അമേരിക്ക അറിയിച്ചത്. അമേരിക്കന്‍ നിലപാടുകള്‍ക്കെതിരെ ഇറാനില്‍ പ്രതിഷേധം ശക്തിപ്പെടുകയാണ്.

പ്രധാന വാർത്തകൾ
Top