19 October Friday

ഭീകരാക്രമണത്തിനു പിന്നിൽ യുഎസ‌്; വെറുതെയിരിക്കില്ലെന്ന‌് റൂഹാനി

വെബ് ഡെസ്‌ക്‌Updated: Monday Sep 24, 2018

തെഹ‌്റാൻ > ഇറാനിലെ അഹ്‌വാസിൽ സൈനിക പരേഡിനു നേരെയുണ്ടായ ഭീകരാക്രമണത്തിനുപിന്നില്‍ അമേരിക്കയാണെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനിയും തുറന്നടിച്ചതോടെ വീണ്ടും യുദ്ധഭീതിയിൽ പശ്ചിമേഷ്യ.  ഇറാനെ തകർക്കാനുള്ള പദ്ധതികൾ നടക്കില്ലെന്നും അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്നുമാണ‌്  റൂഹാനി തുറന്നടിച്ചത‌്.

ഇറാനിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളുടെ ഭാഗമായാണ‌് ഭീകരാക്രമണമെന്നും ഐക്യരാഷ്ട്ര പൊതുസഭയിൽ പങ്കെടുക്കുന്നതിന‌് ന്യൂയോർക്കിലേക്ക‌് പുറപ്പെടുംമുമ്പ‌് റൂഹാനി പറഞ്ഞു. അമേരിക്കയെ പേടിക്കുന്നില്ല. പ്രകോപനപരമായ നിലപാട് തുടര്‍ന്നാല്‍ ട്രംപ‌് പശ്ചാത്തപിക്കേണ്ടിവരും. ഇറാനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരർക്ക‌്  സാമ്പത്തിക﹣സൈനികസഹായം നല്‍കുന്ന  ഗൾഫ‌് രാജ്യങ്ങൾക്ക‌് അമേരിക്കയുടെ പിന്തുണ വേണ്ടുവോളമുണ്ട‌്. ഇതുതുടർന്നാൽ വെറുതെയിരിക്കാൻ ഇറാനാകില്ല. അമേരിക്കയുടെ കളിപ്പാവയാണ‌് സൗദി അറേബ്യയെന്നും റൂഹാനി പറഞ്ഞു. ആക്രമണത്തിനുപിന്നിൽ സൗദി അറേബ്യയും ഇസ്രയേലും യുഎസുമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരീഫ് നേരത്തേ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ‌് റൂഹാനിയുടെ പ്രസ‌്താവന.

ശനിയാഴ‌്ചത്തെ  ആക്രമണത്തിൽ ഇറാന്റെ റവല്യൂഷനറി ഗാർഡ്സിലെ 12 അംഗങ്ങൾ ഉൾപ്പെടെ 25 പേരാണ‌് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തിനുപിന്നില്‍ അഹ‌്‌വാസ് നാഷണല്‍ റെസിസ്റ്റന്‍സ് എന്ന ഗോത്രസംഘടനയാണെന്നാണ‌് ഇറാൻ വിദേശമന്ത്രാലയം വ്യക്തമാക്കിയത‌്. റവല്യൂഷനറി ഗാർഡ്സിനുനേരെ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ആക്രമണമായിരുന്നു ശനിയാഴ്ചത്തേത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ‌്റ്റേറ്റും ഏറ്റെടുത്തിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന‌് ഇറാൻ പ്രതിരോധ ദിനത്തോടനുബന്ധിച്ച‌്  പരമോന്നതനേതാവ് അയത്തൊള്ള ഖമനേയി നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം യുദ്ധത്തിനുള്ള സാഹചര്യങ്ങളൊന്നും നിലവിലില്ലെന്നും എല്ലാതരത്തിലും ഒരുങ്ങിയിരിക്കാനുള്ള നിര്‍ദേശം മാത്രമാണിതെന്നുമാണ് ഔദ്യോഗിക വിശദീകരണം.


പ്രധാന വാർത്തകൾ
Top