24 September Monday

ഇന്തോനേഷ്യയിലെ ഭൂകമ്പം: മരണസംഖ്യ 91 ആയി; വിനോദസഞ്ചാരികളെ ഒഴിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

ജക്കാർത്ത > ഇന്തോനേഷ്യയെ നടുക്കിയ ഭൂകമ്പത്തിൽ മരണസംഖ്യ 91 ആയി. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ലൊംബോക‌് ദ്വീപിലാണുണ്ടായത‌്. കഴിഞ്ഞയാഴ്ചത്തെ ഭൂകമ്പത്തില്‍ 17 പേര്‍ മരിച്ചതിനുപിന്നാലെയുണ്ടായ ദുരന്തം രാജ്യത്തെ വിറപ്പിച്ചു. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ടോടെയാണ് ഭൂചലനമുണ്ടായത്. സമീപത്തെ ബാലി ദ്വീപിലും  പ്രകമ്പനമുണ്ടായി. സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. വൈദ്യുതിബന്ധം തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.

ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട‌്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ലോംബോക്കിലെ പ്രധാന നഗരമായ മതറാമിലുണ്ടായ ശക്തമായ കുലുക്കത്തിനുപിന്നാലെ കെട്ടിടങ്ങള്‍ക്കകത്തുനിന്ന‌് ആള്‍ക്കാര്‍ പുറത്തേക്കോടി. ഭൗമോപരിതലത്തില്‍നിന്ന് പത്തു കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സർവേ കണ്ടെത്തി.

ഉടൻ ജനങ്ങളോട് കടല്‍ത്തീരത്തുനിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കി. പ്രകൃതിദുരന്തങ്ങള്‍ക്ക് ഏറ്റവും സാധ്യത കൂടുതലുള്ള രാജ്യമാണ് ഇന്തോനേഷ്യ. പസിഫിക് റിങ് ഓഫ് ഫയര്‍ എന്ന മേഖലയിലാണ് രാജ്യം സ്ഥിതിചെയ്യുന്നത്. സജീവ അഗ്നിപര്‍വതങ്ങളുള്ള മേഖലയാണിത്. 2004ല്‍ സുമാത്ര ദ്വീപിലുണ്ടായ ഭൂചലനത്തിനുപിന്നാലെയുണ്ടായ സുനാമിയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നായി 2,20,000 ആളുകള്‍ മരിച്ചു.

പ്രധാന വാർത്തകൾ
Top